ആൾദൈവം എന്ന പദം മലയാളിക്കിന്നു സുപരിചിതമാണ്. നമ്മുടെ മുഖ്യധാരാ ബൗദ്ധിക വാരികൾ ഈ പരാമർശം ഒരു പെജിലെങ്കിലും ഉൾക്കൊള്ളിക്കാതെ പുറത്തിറങ്ങാറില്ല. ആൾദൈവം, മനുഷ്യദൈവം, Godman എന്നൊക്കെയുള്ള പദപ്രയോഗങ്ങൾക്കുപരി അവയുടെ പിന്നിലെ മനോവികാരങ്ങളേയും മനസ്സിലാക്കേണ്ടത് അനിവാര്യമാണെന്ന് തോന്നുന്നു.ആൾദൈവം എന്ന പദത്തിന്റെ അർത്ഥവ്യാപ്തി തിരയാൻ പുറപ്പെടുമ്പോൾ ആളും ദൈവവും അവതമ്മിലുള്ള ബന്ധവും ഒക്കെ വ്യത്യസ്തമായ കാഴ്ചപ്പാടുകളിലൂടെ നോക്കി കാണേണ്ടി വരും. സൃഷ്ടിയും സ്രഷ്ടാവും ഗഹനമായ യന്ത്രങ്ങൾ പോകട്ടെ ഒരു മൊട്ടുസൂചി പോലും തനിയെ ഉണ്ടാവും എന്ന് പറയാൻ യുക്തിയുള്ള ആർക്കും സാധിക്കില്ല. അപ്പോൾ പിന്നെ വിശാലമായതും സങ്കീർണ്ണമായതുമായ ഈ പ്രപഞ്ചത്തിന്റെ സൃഷ്ടി-സ്ഥിതികൾക്ക് പിന്നിലും സ്വാഭാവികമായും ഒരു ധിഷണാവിലാസം ഉണ്ടായിരിക്കും എന്ന സാമാന്യയുക്തിയാണ് പ്രപഞ്ച സ്രഷ്ടാവ് എന്ന ആശയത്തിലേക്ക് ഒരു പക്ഷെ മനുഷ്യനെ നയിച്ചിരിക്കുക. എന്നാൽ സൃഷ്ടിയെയും സ്രഷ്ടാവിനെയും അവ തമ്മിലുള്ള ബന്ധത്തെയും നിർവചിക്കുമ്പോൾ മതങ്ങൾ വ്യത്യസ്ഥവീക്ഷണങ്ങൾ പുലർത്തുന്നു. സൃഷ്ടിയ്ക്ക് മുൻപ് സ...