പണ്ഡിറ്റ് കെ.പി കറുപ്പൻ കേരളത്തിലെ നവോത്ഥാന ചരിത്രത്തിലെ പ്രബല വ്യക്തിത്വങ്ങളിൽ ഒരാളാണ് പണ്ഡിറ്റ് കറുപ്പൻ എന്നത് നിസ്തർക്കമാണ്. അതുപോലെ തന്നെ നാരായണ ഗുരുവിന്റെ ജാതി നിർണയം, ചട്ടമ്പി സ്വാമിയുടെ വേദാധികാര നിരൂപണം, എന്നിവയെപ്പോലെ സാമൂഹ്യ നവോത്ഥാനത്തിന്റെ ഉണർത്തു പാട്ടായ് മുഴങ്ങിയ കൃതിയായിരുന്നു ജാതിക്കുമ്മി. "തൊട്ടുകൂടാത്തവർ തീണ്ടിക്കൂടാത്തവർ ദൃഷ്ടിയിൽ പെട്ടാലും ദോഷമുള്ളോർ കെട്ടില്ലാത്തോർ തമ്മിലുണ്ണാത്തോരിങ്ങനെ- യൊട്ടല്ലഹോ ജാതിക്കോമരങ്ങൾ!" എന്ന് 'ദുരവസ്ഥ'യിലൂടെ ആശാൻ ജാതിദുരിതത്തെ അവതരിപ്പിക്കുന്നതിനും ഒരു ദശാബ്ദം മുൻപ് പണ്ഡിറ്റ് കറുപ്പനാൽ വിരചിതമായ മഹത്തായ ഒരു കാവ്യശിൽപ്പമാണ് ജാതിക്കുമ്മി. അച്ചടിച്ച് പ്രസിദ്ധീകരിക്കുന്നതിനും മുൻപ് തന്നെ വാമോഴിയായ് ജനഹൃദയം 'ജാതിക്കുമ്മി'യെ ഏറ്റു വാങ്ങി. ഭാഷയിലെ ലാളിത്യവും ആശയത്തിലെ ഗാംഭീര്യവും ഈ കൃതിക്ക് മിഴിവേകി. ശങ്കരാചാര്യരും ചണ്ഡാളനും തമ്മിൽ കണ്ടുമുട്ടുന്ന പ്രസിദ്ധമായ കഥയെ ആണ് ജാതിക്കുമ്മിക്ക് പശ്ചാത്തലമായി ഉപയോഗിച്ചിരിക്കുന്നത്. "ബ്രഹ്മത്തിൽ ആർക്ക് ഉറച്ച ബുദ്ധി വന്നുച്ചേരുന്നുവോ, അദ്ദേഹം ജനനം കൊണ്ട് ചണ്ഡാള...