ദേ ഹത്തിനു ആഹാരം പോലെ ഈ ആഖ്യാനം കവികൾക്കൊക്കെ ഉപജീവനമാണെന്ന് മഹാഭാരതത്തെക്കുറിച്ച് മഹാഭാരതം തന്നെ സ്വയം പർവ്വസംഗ്രഹപർവ്വത്തിൽ പറയുന്നുണ്ട്. ആ വാക്കുകൾ അന്വർത്ഥമാക്കും വിധം എത്രയെത്ര നാടകങ്ങൾ, കാവ്യങ്ങൾ, രംഗകലകൾ ഇവിടെ പിറന്നുവീണിരിക്കുന്നു. ഇന്നും നിരവധി നോവലുകൾ, ചെറുകഥകൾ, ഉപന്യാസങ്ങൾ വ്യാസവചനങ്ങളെ ഉപജീവിച്ചുകൊണ്ടു തന്നെ ഉരുവം കൊള്ളുന്നു. പറഞ്ഞാലും വായിച്ചാലും തീരാത്തത്രയുമധികം വിപുലമായ ഒരു സാഹിത്യ ലോകം തന്നെയാണ് മഹാഭാരതത്തെ ആശ്രയിച്ചു വികസിച്ചിട്ടുള്ളത്. വലിയൊരു ലക്ഷ്യത്തെ മുൻനിർത്തിയാണ് വേദവ്യാസൻ ഇതിഹാസം രചിച്ചിരിക്കുന്നത്. കേവലമായ ചരിത്രരചനയോ, ഭാവനാവിലാസമോ, സാഹിത്യവൈഭവപ്രകടനമോ അല്ല മറിച്ച് ആർഷമായ വൈദികജ്ഞാനത്തിന്റെ പകർന്നുനൽകലാണ് ഇതിഹാസസൃഷ്ടിയുടെ ആത്യന്തികമായ ലക്‌ഷ്യം. അതുകൊണ്ടു തന്നെ മഹാഭാരതത്തെ, അതിലെ ഉജ്വലവ്യക്തിത്വങ്ങളെ അറിയണമെന്ന് ആഗ്രഹിക്കുന്ന പക്ഷം ഒന്നാമൂഴം നൽകേണ്ടത് വ്യാസമഹാഭാരതത്തിനു തന്നെയാണ്. ഭീമനെ, കർണ്ണനെ, ദ്രൗപദിയെ, അർജ്ജുനനെ, കുന്തിയെ, ദുര്യോധനനെ, ഭീഷ്മപിതാമഹനെ, സാക്ഷാൽ ശ്രീകൃഷ്ണനെ ആദ്യം വായിച്ചെടുക്കേണ്ടത് വ്യാസവചനങ്ങളിലൂടെത്തന്നെയാണ്. ഇതിഹാസത്തിലേക്കൊരു പ്രവേശിക ഒര...