പല പല ഭാവങ്ങളാണ് ഗംഗയ്ക്ക്.. ചിലപ്പോൾ ചുളിവുവീണ മുഖത്തേക്ക് പാറിവീഴുന്ന വെള്ളിമുടികൾ കൈകൊണ്ടു വകഞ്ഞുമാറ്റി ഗതകാല കഥകൾ അയവിറക്കുന്ന ഒരു മുതുമുത്തശ്ശിയാവും. ലോകമാകെ പുകൾകൊണ്ട കാശിയുടെ പ്രൗഢിയെക്കുറിച്ചവൾ വാചാലയാകും. വിശ്വനാഥനും, അന്നപൂർണയും വാണരുളുന്ന മഹാക്ഷേത്രങ്ങൾ- കല്ലിൽ കൊത്തിയ കവിതകൾ, നാനാഭാഗത്തു നിന്നും കച്ചവടത്തിനെത്തുന്ന വണിക്കുകൾ, വ്യാപാരസംഘങ്ങൾ, മോക്ഷനഗരിയിലേക്ക് ഒഴുകിയെത്തുന്ന ജനകോടികൾ, പലഭാഷ പറയുന്നവർ, പലവേഷം ധരിച്ചവർ.. അറിവിന്റെ അക്ഷയഖനിയായ വാരാണസി, വേദവും സംസ്കൃതവും കലയും സംസ്കാരവും പിച്ചവച്ചുനടന്നത് ഈ കല്പടവുകളിലാണ്.. ഇതുപറയുമ്പോൾ അവളുടെ കണ്ണുകളിൽ വാത്സല്യത്തിന്റെ തിളക്കം. സുപാർശ്വനാഥനെന്ന ഏഴാം ജൈനതീർത്ഥങ്കരൻ, പാർശ്വനാഥനെന്ന ഇരുപത്തിമൂന്നാം തീർത്ഥങ്കരൻ, സിദ്ധാർത്ഥ ഗൗതമബുദ്ധൻ, ഗുരുനാനാക്, രവിദാസ്.. അവരൊക്കെ ഈ മണ്ണിലല്ലേ നടന്നത്? ഓർമയിൽ നിന്നും ശ്രീശങ്കരാചാര്യരുടെ മനീഷാപഞ്ചകവും, കബീറിന്റെയും തുളസീദാസിന്റെയും ദോഹകളും ഉറക്കെ ചൊല്ലും, എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ.. തുടരെത്തുടരെയുള്ള അധിനിവേശങ്ങൾ.. കണ്ണിൽ കണ്ടതെല്ലാം തച്ചുടക്കുന്ന വിഗ്രഹഭജ്ഞകരുടെ ആക്രോശങ്ങൾ, അടിമയാക്കപ്...