പല പല ഭാവങ്ങളാണ് ഗംഗയ്ക്ക്.. ചിലപ്പോൾ ചുളിവുവീണ മുഖത്തേക്ക് പാറിവീഴുന്ന വെള്ളിമുടികൾ കൈകൊണ്ടു വകഞ്ഞുമാറ്റി ഗതകാല കഥകൾ അയവിറക്കുന്ന ഒരു മുതുമുത്തശ്ശിയാവും. ലോകമാകെ പുകൾകൊണ്ട കാശിയുടെ പ്രൗഢിയെക്കുറിച്ചവൾ വാചാലയാകും. വിശ്വനാഥനും, അന്നപൂർണയും വാണരുളുന്ന മഹാക്ഷേത്രങ്ങൾ- കല്ലിൽ കൊത്തിയ കവിതകൾ, നാനാഭാഗത്തു നിന്നും കച്ചവടത്തിനെത്തുന്ന വണിക്കുകൾ, വ്യാപാരസംഘങ്ങൾ, മോക്ഷനഗരിയിലേക്ക് ഒഴുകിയെത്തുന്ന ജനകോടികൾ, പലഭാഷ പറയുന്നവർ, പലവേഷം ധരിച്ചവർ.. അറിവിന്റെ അക്ഷയഖനിയായ വാരാണസി, വേദവും സംസ്കൃതവും കലയും സംസ്കാരവും പിച്ചവച്ചുനടന്നത് ഈ കല്പടവുകളിലാണ്.. ഇതുപറയുമ്പോൾ അവളുടെ കണ്ണുകളിൽ വാത്സല്യത്തിന്റെ തിളക്കം.
സുപാർശ്വനാഥനെന്ന ഏഴാം ജൈനതീർത്ഥങ്കരൻ, പാർശ്വനാഥനെന്ന ഇരുപത്തിമൂന്നാം തീർത്ഥങ്കരൻ, സിദ്ധാർത്ഥ ഗൗതമബുദ്ധൻ, ഗുരുനാനാക്, രവിദാസ്.. അവരൊക്കെ ഈ മണ്ണിലല്ലേ നടന്നത്? ഓർമയിൽ നിന്നും ശ്രീശങ്കരാചാര്യരുടെ മനീഷാപഞ്ചകവും, കബീറിന്റെയും തുളസീദാസിന്റെയും ദോഹകളും ഉറക്കെ ചൊല്ലും, എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ..
***
ചിലപ്പോൾ ഉത്തരവാദിത്വമുള്ള വീട്ടമ്മയാണവളെന്നു തോന്നും. വെള്ളവും, വളവും പകർന്ന് അവളൊരുക്കിയ അന്നമല്ലേ ജനകോടികൾ ആഹരിക്കുന്നത്? അവളുടെ സ്തന്യമുണ്ടല്ലേ അവരുടെ ആടുമാടുകൾ പാൽ ചുരത്തുന്നത്?
പച്ചക്കറി കഴിക്കുന്നവർ, മത്സ്യം കഴിക്കുന്നവർ, ലഹരിപുകയ്ക്കുന്നവർ..എല്ലാവർക്കും ആവശ്യമുള്ളതൊക്കെയും അവളല്ലേ നൽകുന്നത്.. അവളുടെ ഓളങ്ങൾ പാടുന്ന താരാട്ട് കേട്ടല്ലേ അവരുറങ്ങുന്നത്?.. അവർക്കായി വസ്ത്രങ്ങളൊരുക്കുന്നത്, അവരുടെ മാലിന്യങ്ങളെ കഴുകിക്കളയുന്നത് എല്ലാം അവളുടെ ഭാരിച്ച ഉത്തരവാദിത്വങ്ങളല്ലേ?.
വിശ്വനാഥന് അഭിഷേകത്തിന് ജലമെത്തിക്കണം, അന്നപൂർണയുടെ ഭണ്ഡാരയിലെത്തണം, മണികർണികയിലും, ഹരിശ്ചന്ദ്രഘട്ടിലും വിറകുകളൊരുക്കിവയ്ക്കണം, ഹോ! കഥപറഞ്ഞു നിൽക്കാൻ സമയമില്ല ആരതിയ്ക്ക് നേരമായി, ഭംഗിയായി കെട്ടിവച്ച മുടിയിൽ ആമ്പൽപ്പൂക്കളും തിരുകി അതിവേഗം ഒഴുകി നീങ്ങുകയാണവൾ.
***
സൗന്ദര്യത്തികവാർന്ന ഗംഗ, നിത്യയൗവ്വനമാണവൾക്ക്... മണിനാദം മുഴങ്ങുന്ന ക്ഷേത്രങ്ങൾ, ആചാര്യ സന്നിധികൾ, തപോഭൂമികൾ, നടനവും സംഗീതവും സാഹിത്യവും വിളങ്ങുന്ന രംഗവേദികൾ, ധനാഢ്യതയുടെയും ദാരിദ്ര്യത്തിന്റെയും വിവിധ മുഖങ്ങൾ..ഭോഗത്തിന്റെയും യോഗത്തിന്റെയും ഭൂമികകൾ.. ഉല്ലാസത്തിന്റെയും വിശ്രമത്തിന്റെയും ദ്വന്ത്വങ്ങൾ.. എല്ലാം അരികിലൊരുക്കി കുസൃതിക്കണ്ണുകൾ കാട്ടി വിളിക്കുകയാണവൾ.. ജ്ഞാനദാഹികളായ പണ്ഡിതരെ.. തപസ്വികളെ.. കലാനിപുണരെ..ധനികരെ.. ഭരണകർത്താക്കളെ..കച്ചവടക്കാരെ... ഭിക്ഷാംദേഹികളെ.. നഗരവധുക്കളെ..ത്യാഗികളെ.. ഭോഗികളെ..മരണം കാത്തുകിടക്കുന്നവരെ.. എന്തിന് മൃതശരീരങ്ങൾ പോലും അവൾ അരികിലേയ്ക്കണക്കുന്നു.. അവളുടെ കുപ്പിവളകൾ കിലുങ്ങുന്നു.. അവളുടെ ചിരിയിൽ ലോകം മതിമറന്നാടുന്നു..
Comments
Post a Comment