ഭഗവാൻ ശ്രീ കൃഷ്ണന്റെ പുത്രനായ സാംബൻ തപസ്സ് ചെയ്തു സൂര്യനെ പ്രത്യക്ഷപ്പെടുത്തിയ പുണ്യസ്ഥലമെന്നാണ് ഐതിഹ്യം. പുരാതനമായ സൂര്യക്ഷേത്രത്തെ ഇന്ന് കാണുന്നരീതിയിൽ പുതുക്കിപണിതത് കിഴക്കൻ ഗംഗാ സാമ്രാജ്യത്തിലെ നരസിംഹാദേവൻ ഒന്നാമനാണ്(പതിമൂന്നാം നൂറ്റാണ്ട്). മുസ്ളീം ഭരണാധികാരികളിൽ നിന്നും മാതൃഭൂമിയെ തിരിച്ചു പിടിച്ചതിന്റെ സ്മരണക്കായി ദശാനാഥനായ സൂര്യഭഗവാന് വേണ്ടി ഒരു മഹാക്ഷേത്രം പണികഴിപ്പിക്കുകയായിരുന്നു അദ്ദേഹം. ആയിരത്തിഇരുന്നൂറോളം ശിൽപ്പികൾ പന്ത്രണ്ട് വർഷം സമയമെടുത്താണ് ഈ വാസ്തുശാസ്ത്ര വിസ്മയം പൂർത്തിയാക്കിയത്. ഉദയസൂര്യന്റെ രശ്മികൾ ഗർഭഗൃഹത്തിലെ സൂര്യവിഗ്രഹത്തിൽ പതിക്കുന്ന രീതിയിലാണ് ക്ഷേത്രത്തിന്റെ നിർമ്മിതി.
ഒഡീഷയിൽ ബംഗാൾ ഉൾക്കടലിന്റെ തീരപ്രദേശത്താണ് കൊണാർക്ക് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ചന്ദ്രഭാഗയൊഴുകി സമുദ്രത്തിൽ വിലയിക്കുന്ന അഴിമുഖത്തിന്റെ വടക്കുകിഴക്ക് ദിശയിൽ ക്ഷേത്രം പരിലസിക്കുന്നു. ആനകളുടെ മുകളിൽ നിന്നും മുന്നോട്ടു കുതിക്കുന്ന സിംഹങ്ങളുടെ ഭീമാകാരമായ പ്രതിമകൾ കാവൽ നിൽക്കുന്ന പടിക്കെട്ടുകൾ താണ്ടിയാൽ നടമന്ദിരം എന്ന് വിളിക്കുന്ന നൃത്തമണ്ഡപത്തിലേറാം. സൂര്യദേവന്റെ മുൻപിൽ നൃത്തസംഗീതാദികൾ അവതരിപ്പിച്ചിരുന്ന മണ്ഡപമായ നടമന്ദിരം പിന്നിട്ടാൽ പിന്നെ സൂര്യദേവന്റെ പ്രധാന ക്ഷേത്രമാണ്.
ഒരു മഹാരഥത്തിന്റെ ആകൃതിയിലാണ് ക്ഷേത്രത്തിന്റെ നിർമിതി. ഗായത്രി, ബൃഹതി, ഉഷ്ണിക്, ജഗതി, ത്രിഷ്ടുപ്, അനുഷ്ടുപ്, പങ്ക്തി എന്നീ പേരുകളുള്ള ഏഴു കുതിരകളെ സൗരരഥത്തിൽ പൂട്ടിയിരുന്നു: ഏഴ് ആഴ്ചകളെയും, സൂര്യപ്രകാശത്തിൽ ഏഴ് അടിസ്ഥാന വർണ്ണങ്ങളെയും സൂചിപ്പിക്കുന്ന സൂര്യദേവന്റെ സപ്‌താശ്വങ്ങൾ. രഥത്തിന് പന്ത്രണ്ട് ജോഡി ചക്രങ്ങളാണുള്ളത്, അവ പന്ത്രണ്ട് മാസങ്ങളെയും, ഓരോ മാസത്തിലെയും ഈരണ്ടു പക്ഷങ്ങളെയും പ്രതിനിധാനം ചെയ്യുന്നു. ഓരോ ചക്രത്തിനും എട്ട് ആരക്കാലുകളാണുള്ളത് അവ എട്ട് പ്രഹരകളെ* സൂചിപ്പിക്കുന്നു. അച്ചുതണ്ടിന്റെ നിഴൽ ഏത് പ്രഹരയുടെ ഭാഗത്താണ് വീഴുന്നതെന്ന് നോക്കിയാൽ കൃത്യമായ സമയം അറിയുവാൻ സാധിക്കുന്ന രീതിയിൽ സൗരഘടികാരങ്ങളായാണ് ഈ ചക്രങ്ങളെ വിഭാവനം ചെയ്തിരിക്കുന്നത്.
അതിസൂക്ഷമായ കൊത്തുപണികൾ ചെയ്ത് മനോഹരമാക്കിയതാണ് ഈ ചക്രങ്ങളത്രയും. പുഷ്പങ്ങളും, വല്ലികളും മാത്രമല്ല സിംഹം, കുതിര, ആന, മുതല, നായ തുടങ്ങി വിവിധ ജീവിവർഗങ്ങളും. പരിചാരകർ, നർത്തകർ, രാജാക്കന്മാർ, രാജ്ഞിമാർ, പുരോഹിതർ തുടങ്ങി നാനാതുറയിലുളള മനുഷ്യരെയും, അമാനുഷികരായ അപ്സരസുകൾ, യക്ഷർ, കിന്നരർ, ഗന്ധർവന്മാർ, രാക്ഷസർ തുടങ്ങിയവരെയും; ജനനം, പഠനം, പ്രണയം, രതി, ഭക്ഷണം, വിനോദങ്ങൾ, യുദ്ധം, ചികിത്സ തുടങ്ങി മനുഷ്യജീവിതവുമായി ബന്ധപ്പെട്ട സർവതും ക്ഷേത്രച്ചുവരിൽ മനോഹരമായി കൊത്തിവച്ചിരിക്കുന്നു. മഹിഷാസുരമർദ്ദിനിയായ ദുർഗയും, ജഗന്നാഥരൂപിയായ വിഷ്ണുവും, ശിവലിംഗവും കൂടാതെ ശ്രീ പാർവതി, ഗജലക്ഷ്മി, നരസിംഹം, ശ്രീ കൃഷ്ണൻ, ഇന്ദ്രൻ, അഗ്നി തുടങ്ങി നിരവധി ദേവീ ദേവന്മാരുടെ രൂപങ്ങളും അവിടെ കാണുവാൻ സാധിക്കും.
ഗർഭഗൃഹത്തിലെ സൂര്യനാരായണനെ കൂടാതെ മൂന്ന് സൂര്യവിഗ്രഹങ്ങൾ കൂടെ ക്ഷേത്രത്തിൽ സ്ഥാപിച്ചിട്ടുണ്ട്. തെക്ക് ദർശനമായി ബാലഭാവത്തിൽ ഉദയസൂര്യന്റെയും, പടിഞ്ഞാറ് ദർശനമായി യൗവനയുക്തനായ മധ്യാഹ്‌നാർക്കന്റെയും, വടക്ക് ദർശനമായി അസ്തമയ സൂര്യന്റെയും വിഗ്രഹങ്ങൾ. ദിനരാത്രങ്ങളെയും, ഋതുഭേദങ്ങളെയും, കാലചക്രത്തിന്റെ നിദാന്തമായ പരിക്രമണത്തെയും അനാവരണം ചെയ്ത് കൊണാർക്കിലെ സൂര്യക്ഷേത്രം നിൽക്കുന്നു.
ദൗർഭാഗ്യവശാൽ ആർഷപ്രൗഢിയുടെ പകലിൽ നിന്ന് അധിനിവേശത്തിന്റെ കൂരിരുട്ടിലേക്ക് പതിക്കുവാനായിരുന്നു കൊണാർക്കിന്റെയും വിധി. 15 മുതൽ 17 വരെയുള്ള നൂറ്റാണ്ടുകളിൽ അധിനിവേശ ശക്തികളുടെ ഒട്ടേറെ ആക്രമണങ്ങൾ കൊണാർക്കിന് നേരിടേണ്ടി വന്നു. കാലാപാഹാടെന്ന് (കറുത്തമല) കുപ്രസിദ്ധനായ മുഹമ്മദ് ഫാർമുലിയുടെ ആക്രമണത്തിൽ കൊണാർക്ക് ക്ഷേത്രം തകർക്കപ്പെട്ടു. ഒരു ജനതയുടെ ആത്മാവിഷ്കാരമെന്നോണം ഉദിച്ചുയർന്നു നിന്നിരുന്ന കൊണാർക്കിനെ കാലവും, കരുണയറ്റവരുടെ കൈകളും പിന്നയും മുറിവുകളേൽപ്പിച്ചു. അവയെ എല്ലാം സഹിച്ച്, പൂർവജനതയുടെ കലയെയും, വൈദഗ്ധ്യത്തെയും, ജീവിതത്തെയും അടയാളപ്പെടുത്തുന്ന ഒരു മഹാകാവ്യമെന്നോണം കൊണാർക്കിലെ സൂര്യക്ഷേത്രം നമുക്കായി നിലകൊണ്ടു.
അംഗഭംഗം വന്ന ശില്പങ്ങളും, ആരാധനമുടങ്ങിയ ക്ഷേത്രവും, അർച്ചനാബിംബമില്ലാത്ത ഗർഭഗൃഹവും മനസ്സിൽ ദുഃഖം നിറയ്ക്കുന്ന കാഴ്ചയാണ്. ഗർഭഗൃഹത്തിലെ ദിവ്യമംഗള വിഗ്രഹത്തിൽ അഭിഷേകം ചെയ്യുവാനായി സവിതൃമണ്ഡലത്തിൽ നിന്നും ഒഴുകിയിറങ്ങുന്ന സുവർണരേണുക്കൾ, ഭീമാകാരമായ കൽഭിത്തികളിൽ വീണുടയുന്നു. ഈ രാത്രി അവസാനിക്കട്ടെ, സൂര്യദേവന്റെ ദിവ്യരഥം വീണ്ടും പ്രൗഢമായുദിച്ചുയരട്ടെ, പ്രഭാതർക്കന്റെ ദിവ്യരശ്മികൾ വീണ്ടും കൊണാർക്കിലെ സൂര്യനാരായണ വിഗ്രഹത്തിൽ അഭിഷേകം ചെയ്യട്ടെ.
വന്ദേ മാതരം
*പ്രഹര= ഒരു ദിവസത്തിന്റെ 8ൽ ഒരു ഭാഗം(മൂന്ന് മണിക്കൂർ)
മാതൃവാണി മാസിക 2018 ഫിബ്രവരി ലക്കം പ്രസിദ്ധീകരിച്ച ലേഖനം
Comments
Post a Comment