Skip to main content

തിരുവല്ലാഴപ്പന്റെ ഉത്രശ്രീബലിയും ഉച്ചശ്രീബലിയും

ശ്രീവല്ലഭൻ

ഉച്ചപ്പൂജയുടെ ശ്രീബലിയ്ക്കായി ഭഗവാൻ ഇന്ന് പുറത്തേക്ക് എഴുന്നള്ളിയിട്ടില്ല. അനുജത്തികൂടി എത്തിയിട്ടാകാം ശീവേലി എന്നും പറഞ്ഞു നോക്കിയിരിക്കാൻ തുടങ്ങിയിട്ട് നേരം കുറേയായി. പൂജയും ചിട്ടകളുമൊന്നു കടുകിട മാറാറില്ല തിരുവല്ലയിൽ, പക്ഷെ ഇന്നെല്ലാം വൈകിയിരിക്കുന്നു. അനിയത്തിയുടെ വരവ് അറിഞ്ഞപ്പോൾ മുതൽ തുടങ്ങിയതാണ് ഒരുക്കങ്ങൾ കാടുംപിടിച്ച് കിടന്ന വടക്കേഗോപുരമാകെ വെട്ടിത്തെളിച്ചിട്ടിട്ടുണ്ട്. അനുജത്തിക്ക് വേണ്ടി മാത്രമേ വടക്കേ ഗോപുരം തുറക്കാറുള്ളു. തോരണങ്ങൾ, ദീപാലങ്കാരങ്ങൾ, അരിമാവണിഞ്ഞ നടവഴികൾ എത്രയൊരുക്കിയിട്ടും മതിയാവാത്ത പോലെ.
തിരുവല്ല മഹാക്ഷേത്രം

ശ്രീവല്ലഭനോടൊപ്പം ഒരു നാട് മുഴുവൻ കാത്തിരിക്കുകയാണ്. അർദ്ധരാത്രി ആയിരിക്കുന്നു ഭഗവതിമാർ ഇനിയും എത്തിയിട്ടില്ല, ഉറങ്ങിയിട്ടില്ലെന്ന് മേനികാണിക്കാൻ നക്ഷത്രങ്ങൾ ഇടയ്ക്കിടെ കണ്ണ് ചിമ്മുന്നുണ്ട്. ചെണ്ടക്കാർ നാലും കൂട്ടി മുറുക്കി ഉറക്കത്തെ തോൽപ്പിക്കാൻ പെടാപ്പാടുപെടുന്നു. ദൂരെയെങ്ങാനും കൊട്ടുകേൾക്കുന്നുണ്ടോ എന്ന് ചിലർ ചെവി കൂർപ്പിക്കുന്നുണ്ട്. എല്ലാ കണ്ണുകളും വടക്കേ ഗോപുരത്തിലാണ്. ഇനിയും ഏറെ നേരം കാത്തിരിക്കണോ എന്ന് പരിഭവിക്കുന്നുണ്ട് ചിലർ. പെട്ടെന്ന് നിശബ്ദതയെ ഭേദിച്ചുകൊണ്ട് ശംഖനാദം അന്തരീക്ഷത്തിൽ മാറ്റൊലികൊണ്ടു, ഭഗവതിമാർ എഴുന്നള്ളിയിരിക്കുന്നു. വടക്കേനട സജീവമായി വിളക്കുകളും, കർപ്പൂരനാളങ്ങളും തെളിഞ്ഞു തീവെട്ടികളിൽ തീപകർന്നു. മംഗളസൂചകമായി മേളം മുഴങ്ങി. കരകര ശബ്ദത്തോടെ വടക്കേ ഗോപുരവാതിൽ തുറന്നു, ഗോപുരത്തിന് മുൻപിൽ സർവ്വമംഗളദായകിയായ ജഗദംബികയുടെ മൂർത്തരൂപങ്ങൾ, തിരുവല്ലയെ കാത്തുപോരുന്ന ഭഗവതിമാർ വടക്കേ ഗോപുരം കടന്ന് അകത്തേക്കെഴുന്നള്ളുന്നു. ശിബികയിലാണ്(ചിവിത -ജീവിത എന്നൊക്കെ ഗ്രാമ്യഭാഷ) എഴുന്നള്ളത്ത്. നടുവിൽ ആലംതുരുത്തി ഭഗവതി, ഇടവും വലവും പടപ്പാട്-കരുനാട്ടുകാവ് ഭഗവതിമാർ. തീവെട്ടിയുടെ വെളിച്ചം ശിബികയിലെ സ്വർണ്ണപ്പോളകളിൽ തട്ടി പ്രതിഫലിക്കുന്നു. പുരുഷാരം ആർപ്പുവിളിക്കുന്നു, വായ്ക്കുരവകൾ മുഴങ്ങുന്നു ഭഗവതിമാർ കിഴക്കേ നടയിലേക്ക് നീങ്ങുന്നു. ആനന്ദത്തിന്റെ, ഭക്തിപ്രഹർഷത്തിന്റെ നിമിഷങ്ങൾ.

വടക്കേഗോപുരം കടന്ന് മതിൽക്കകത്ത് ആലംതുരുത്തി, പടപ്പാട്, കരുനാട്ട് കാവ് ഭഗവതിമാർ 

കൊടിമരത്തിനു പ്രദക്ഷിണമായി കയറൂ എന്ന് പുറകിൽ നിന്നും ആരോ വിളിച്ചു പറയുന്നുണ്ട്, ആര് കേൾക്കാൻ? അല്ലെങ്കിൽ തന്നെ ജ്യേഷ്ഠനെ കാണാനുള്ള വ്യഗ്രതയിൽ നാട്ടുനടപ്പും, കീഴ് വഴക്കവുമൊക്കെ നോക്കാൻ ഭഗവതിക്കുണ്ടോ നേരം. കൊടിമരത്തിനിടത്തു ഭാഗത്തൂടെ ആലംതുരുത്തി ഭഗവതി ബലിക്കൽപ്പുരയിലേക്ക് ചുവടുവച്ചു. ബലിക്കൽപ്പുര കടക്കേണ്ടി വന്നില്ല പ്രതീക്ഷിച്ചു നിൽക്കുകയാണവിടെ ശ്രീവല്ലഭൻ, ഗരുഡന്റെ ചുമലിലേറി ഭഗവാൻ പുറത്തേക്കിറങ്ങി, അരികിൽ മഹാസുദർശനമൂർത്തിയുമുണ്ട്. ഭഗവതി പുറകോട്ടു ചുവടുകൾ വച്ചു, ശ്രീവല്ലഭനുമായി കണ്ടുകഴിഞ്ഞാൽ പിന്നെ ആ കാഴ്ചമുറിയാൻ പറ്റില്ല, ശീവേലിക്ക് മുഴുവൻ ഭഗവതിയുടെ നടത്തം പുറകോട്ടു തന്നെ. വാദ്യമേളങ്ങൾക്കിടയിൽ നാഗസ്വരത്തിലൂടെ അഷ്ടപദി മുഴങ്ങുന്നു ഭഗവതി ആനന്ദ നൃത്തം ചവിട്ടി. ആനന്ദത്തോടെ കണ്ണിമവെട്ടാതെ നോക്കിനിൽക്കുകയാണ് ശ്രീവല്ലഭൻ അരികിൽ മഹാ സുദർശനമൂർത്തി ഇരുവരും ഗരുഡവാഹനങ്ങളിൽ അത്യുഗ്രപ്രഭാവത്തിൽ നിൽക്കുന്നു. ഭഗവാന്മാർക്ക് ഇരുവശവും പടപ്പാട് കാവിൽ ഭഗവതിമാർ. തീവെട്ടികൾ, താലപ്പൊലികൾ, ചമയവിളക്കുകൾ, ആഹ ആനന്ദത്തിന്റെ അമൃതവർഷം. അഞ്ച് കാലങ്ങളിലായി 18 താളവട്ടങ്ങളിൽ ദേവി നൃത്തം ചവിട്ടുന്നു. അങ്ങനെ മേളവും നൃത്തവുമായി മൂന്നു പ്രദക്ഷിണങ്ങളാണ് ഉത്രശ്രീബലി. മകയിരം കോടിയേറി എട്ടാം ദിവസം പൊതുവെ ഉത്രം നക്ഷത്രമായതിനാലാണ് ഈ ശിവേലിയ്ക്ക് ഉത്രശ്രീബലി എന്ന പേര് ലഭിച്ചത്. മൂന്നാമത്തെ പ്രദക്ഷിണം വടക്കു കിഴക്കേ മൂലയ്ക്കെത്തുമ്പോൾ ആലംതുരുത്തി ഭഗവതിയ്‌ക്കൊപ്പം മറ്റു രണ്ടു ഭഗവതിമാരും നൃത്തം ചെയ്യന്നു മൂന്നുപേരും നൃത്തം ചവിട്ടി ശ്രീവല്ലഭനും സുദർശനമൂർത്തിയ്ക്കും വലം വെയ്ക്കുന്നു. 'അഞ്ച് ഈശ്വര സംഗമം' എന്ന് പുകൾപെറ്റ ദിവ്യദർശനം! മുപ്പത്തിമുക്കോടി ദേവഗണങ്ങളും ഈ ദിവ്യദർശനത്തിനു സാക്ഷിയാകാൻ എത്തുന്നുവെന്നാണ് സങ്കല്പം. പ്രദക്ഷിണം പൂർത്തിയാക്കി ദേവീ-ദേവന്മാർ ബലിക്കൽപ്പുരയിലേക്കു പ്രവേശിക്കുന്നു. പടപ്പാട്, കരുനാട്ടുകാവ് ഭഗവതിമാർ ബലിക്കൽപ്പുരയിൽ നിൽക്കുന്നു. ശ്രീവല്ലഭനും ആലംതുരുത്തി ഭഗവതിയും അഭിമുഖമായി തന്നെ നാലമ്പലത്തിൽ പ്രവേശിച്ചു പ്രദക്ഷിണം ചെയ്ത് മണ്ഡപത്തിന് കിഴക്കുവശത്ത് വന്നു നിൽക്കുന്നു. തിരുവല്ലയുടെ രക്ഷാദേവതയ്ക്ക് ശ്രീവല്ലഭ ക്ഷേത്രത്തിന്റെ സമർപ്പണമായി ഭഗവതിയ്ക്ക് മുൻപിൽ അരിപ്പറ സമർപ്പിക്കുന്നു. അരിപ്പറയിൽ നിന്നും ഒരുപിടിയെടുത്ത് ഭഗവതിയുടെ ക്ഷേത്രേശൻ, ഞാഴപ്പള്ളി മൂസത് ഭഗവതിയുടെ മേൽശാന്തിയ്ക്ക് നൽകുന്നു. ഭഗവതിയും ഭഗവാനും തമ്മിൽ ഭേദമില്ലെന്നു വെളിവാക്കിക്കൊണ്ട് അരിയും പൂവും, അഭിമുഖമായി നിൽക്കുന്ന ശ്രീവല്ലഭന്റെ ഉത്സവമൂർത്തിയിലേക്ക് മേൽശാന്തി സമർപ്പിക്കുന്നു. ഭഗവതി ശിബികയിൽ നിന്നും ഭഗവാൻ ഗരുഡവാഹനത്തിൽ നിന്നും ഇറങ്ങി ശ്രീകോവിലിലേക്ക് എഴുന്നള്ളുന്നു.


കഴിഞ്ഞ എട്ടുനാളുകളായി നടക്കുന്ന ഭഗവതിമാരുടെ ഉത്സവം അതിന്റെ അത്യുജ്വല മുഹൂർത്തത്തിലെത്തി നിൽക്കുകയാണ്. മീനമാസത്തിലെ മകയിരം നാളിലാണ് തിരുവല്ലയുടെ സമീപ ക്ഷേത്രങ്ങളായ ആലംതുരുത്തി, കരുനാട്ടുകാവ്, പടാപ്പാട് ക്ഷേത്രങ്ങളിൽ കൊടിയേറുക. മൂന്നുക്ഷേത്രങ്ങളും ദുർഗാ ക്ഷേത്രങ്ങളാണെങ്കിലും. പടപ്പാട് ഭഗവതിയിൽ വൃക്ഷലതാതികളാൽ സേവിയ്ക്കപ്പെടുന്ന ഭൂമീ ദേവിയുടെയും, കരുനാട്ടുകാവ് ഭഗവതിയിൽ അഷ്‌ടൈശ്വര്യ പ്രദായിനിയായ മഹാലക്ഷിയുടെയും സാന്നിധ്യം കൽപ്പിച്ചു പോരുന്നു. ആലംതുരുത്തി ഭഗവതിയാവട്ടെ നന്ദനന്ദിനിയായി ഗോകുലത്തിൽ അവതാരം ചെയ്ത കൃഷ്ണ സഹോദരിയാണ്. കല്ലിൽ അടിച്ചു കൊല്ലുവാനായി തുനിഞ്ഞപ്പോൾ, കയ്യിൽ നിന്നും മുകളിലേക്കുയർന്നു കംസനെ താക്കീതു ചെയ്ത ദിവ്യ ശിശുവിന്റെ സങ്കല്പമാണിവിടെ ഭഗവതിയ്ക്ക്. ശൈശവ ഭാവം കല്പിക്കപ്പെടിക്കുന്നതിനാൽ ആനയോ, വെടിക്കെട്ടോ ക്ഷേത്രത്തിൽ പതിവില്ല. ഭഗവതിയെ എഴുന്നളിക്കുന്നത് ശിബിക എന്നു വിളിക്കുന്ന പല്ലക്കിനു സമാനമായ വാഹനത്തിലാണ്. രണ്ടാം ഉത്സവനാൾ മുതൽ ഭഗവതിമാർ തങ്ങളുടെ എഴുന്നള്ളത്തുകൾ ആരംഭിയ്ക്കും. ആലംതുരുത്തി ഭഗവതിയുടെ ആദ്യ എഴുന്നള്ളത്ത് വേങ്ങൽ എന്ന സമീപ ഗ്രാമത്തിലേക്കാണ്. അവിടെ ഭഗവതിയെ പ്രദേശവാസികൾ അൻപൊലിയും, തിരുഃ പന്തവുമൊക്കെയായി ഭക്തർ സ്വീകരിയ്ക്കും. ഗ്രാമത്തിലെ കടവിൽ ആറാടിയും, ശിബികനൃത്തം(ചിവിതകളി) ചവിട്ടിയും ആ ഗ്രാമത്തിനാകെ അനുഗ്രഹം ചൊരിഞ്ഞു ഭഗവതി സ്വധാമത്തിലേക്ക് മടങ്ങും. അടുത്ത ദിവസം വേങ്ങൽ ഗ്രാമം പിന്നിട്ട് അടുത്ത ഗ്രാമമായ അഴിയിടത്തുചിറയെന്ന ഗ്രാമത്തിലെത്തും. ശിബികനൃത്തവും, തിരുവാറാട്ടും നടത്തി ആ ഗ്രാമത്തെയാകെയനുഗ്രഹിച്ചു ഭഗവതി ആലംതുരുത്തിയ്ക്ക് മടങ്ങിയെത്തും. പിന്നീടുള്ള ദിവസങ്ങളിലും ഇപ്രകാരം ക്രമേണ പെരിങ്ങര, മണിപ്പുഴ, ഉത്രമേൽ, മന്നൻകരച്ചിറ എന്നീ ഗ്രാമങ്ങളിലെത്തി ആറാടി മടങ്ങിയെത്തുന്ന ദേവി എട്ടാം ഉത്സവനാളിൽ ഏഴാം ആറാട്ടിനായി തിരുവല്ല ഗ്രാമത്തിലേക്ക് എഴുന്നളുന്നു. മറ്റു രണ്ടു ഭഗവതിമാരും സമാനമായി ഏഴാം ആറാട്ടിനായി തിരുവല്ലയിൽ സന്നിഹിതരാകുന്നു. ശ്രീവൈഷ്ണവരുടെ 108 ദിവ്യദേശങ്ങളിൽ ഒന്നാണ് തിരുവല്ല, തിരുവല്ലവാഴ് എന്നും, ശ്രീവല്ലഭപുരം എന്നുമൊക്കെ പ്രസിദ്ധമായ ഈ ക്ഷേത്രത്തിൽ മഹാവിഷ്ണു ശ്രീവല്ലഭൻ അഥവാ കൊലപ്പിരാൻ എന്ന ദിവ്യനാമത്തോടെ കിഴക്കോട്ട് ദർശനമായി വസിക്കുന്നു. അതെ ശ്രീകോവിലിൽ തന്നെ പടിഞ്ഞാറോട്ട് ദർശനമായി മഹാസുദർശനമൂർത്തിയും വസിക്കുന്നു.
ശ്രീവല്ലഭ ക്ഷേത്രത്തിനു വെളിയിൽ തെക്ക്, പടിഞ്ഞാറ്, വടക്ക് ദിക്കുകളിൽ സന്ദർശനം നടത്തിയാനുഗ്രഹിച്ചത്തിനു ശേഷം മൂന്നുഭാഗവതിമാരും വടക്കേ ഗോപുരനടയിലെത്തുന്നു. ദേവിമാർ മൂന്നും എത്തിയിരിക്കുന്നുവെന്ന് ആലംതുരുത്തിഭഗവതിയുടെ ക്ഷേത്രേശനായ ഞാഴപ്പള്ളി മൂസ്സത് തിരുവല്ല ദേവസ്വത്തിലെത്തി അറിയിക്കുന്നതോടെ വടക്കേ ഗോപുരനടതുറക്കുമ്പോൾ ഉത്രശ്രീബലിയ്ക്ക് തുടക്കമാവുന്നു.

 പടപ്പാട്, കരുനാട്ട് കാവ് ഭഗവതിമാർക്കൊപ്പം ശ്രീവല്ലഭസ്വാമിയും മഹാസുദർശനമൂർത്തിയും ഗരുഡവാഹനങ്ങളിൽ

ശ്രീവല്ലഭനെയും, ആലംതുരുത്തി ഭഗവതിയെയും ഒന്നിച്ചു ഒരു ശ്രീകോവിലിൽ ദർശിക്കുന്നത് അതീവ ശ്രേയസ്കരമാണെന്നതിനാൽ ആ പുണ്യമുഹൂർത്തതിന് സാക്ഷിയാകുവാൻ ജനങ്ങൾ നാലമ്പലത്തിലേക്ക് പ്രവഹിക്കുന്നു. കേരളത്തിലെ താന്ത്രിക പാരമ്പര്യമനുസരിച്ച് ഒരു ക്ഷേത്രത്തിലെ ഗർഭഗൃഹത്തിൽ മറ്റൊരു ക്ഷേത്ര മൂർത്തിയെ എഴുന്നളിക്കുക സാധാരണ പതിവില്ല എന്നാൽ ഇവിടെ ശ്രീവല്ലഭന്റെ ഗർഭഗൃഹത്തിൽ ഭഗവാന് അഭിമുഖമായി ആലംതുരുത്തി ഭഗവതി എഴുന്നള്ളിയിരിക്കുന്നു. വാഗർത്ഥങ്ങൾ പോലെ അനന്യശക്തികളാണ് ശ്രീവല്ലഭനും മഹാമായാ ഭഗവതിയും. ഇത് ദ്യോതിപ്പിക്കുവാനെന്ന വണ്ണം ഇരുവരുടെയും രൂപങ്ങൾ പോലും സമാനമാണ്. പുറകുവശത്തെ കൈകളിൽ ചക്രം ശംഖ് എന്നിവയും, മുൻപിൽ വലതുകൈയിൽ പത്മവും ധരിച്ചും ഇടതുകൈ ഇടുപ്പിൽ വച്ചുകൊണ്ടും(ഘടിഹസ്തം) ആണ് ഇരുവരും നിൽക്കുന്നത്. ഭഗവതിയും ഭഗവാനെപ്പോലെ ഇരുണ്ട നിറമുള്ളവളാണ്(ദുർവാദളശ്യാമളാം - കറുകനാമ്പിന്റെ നിറമുള്ളവൾ). വിഷ്ണുവിനെപ്പോലെ പീതാംബരമാണ് ഭഗവതിയും ധരിക്കുന്നത്. അതുപോലെ കിരീടവും, ആഭൂഷണങ്ങളുമൊക്കെ സാമാനം. ഒന്നു ഭഗവാനും, മറ്റേത് ഭഗവതിയുമെന്ന വ്യത്യാസം മാത്രം. തന്നെക്കാണാൻ എത്തിയ ഭഗവതിമാർക്ക് ശ്രീവല്ലഭൻ ഓണപ്പുടവയും, വിഷുക്കൈനീട്ടവും സമ്മാനിക്കുന്നതോടെ ഭഗവതിമാർ മൂന്നും കിഴക്കേ നടവഴി പുറത്തേക്കിറങ്ങുന്നു. ഭഗവതിമാരെ കാത്തിരുന്നതിനാൽ ശ്രീവല്ലഭന്റെ തലേദിവസത്തെ പൂജകൾ പലതും കഴിഞ്ഞിട്ടില്ല, ഒന്നും മുടക്കാൻ പറ്റില്ല മതിൽക്കകത്ത് മന്ത്രങ്ങൾ ഉയരുന്നു. ഭഗവതിമാരാകട്ടെ ക്ഷേത്രത്തിന്റെ കിഴക്കുള്ള പ്രദേശങ്ങളിൽ അനുഗ്രഹം നൽകുവാനായി ചെല്ലുന്നു.

വാസ്തവത്തിൽ സഹോദരീ-സഹോദര ബന്ധമെന്ന പൗരാണിക സങ്കൽപ്പത്തിനപ്പുറം, തന്ത്രശാസ്ത്രത്തിലെ കുണ്ഡലിനി ജാഗരണത്തിന്റെ പ്രതീകം കൂടിയാണ് ഉത്രശ്രീബലി എന്ന് പണ്ഡിതർ അഭിപ്രായപ്പെടുന്നു. തിരുവല്ല ദേശത്തെ ഒരു വ്യക്തിയായി സങ്കല്പിച്ചാൽ, മൂലാധാര ചക്രത്തിൽ സഹായിക്കുന്ന കുണ്ഡലിനീ ശക്തിയാണ് ആലംതുരുത്തി ഭഗവതി. പടപ്പാട്-കരുനാട്ടുകാവ് ഭഗവതിമാർ ഇഡ-പിംഗള നാഡികളെ സൂചിപ്പിക്കുന്നു. ദേശപുരുഷന്റെ കുണ്ഡലിനി ഉണർന്നു, മൂലാധാരം മുതൽ ആജ്ഞ വരെയുള്ള ഓരോ ചക്രങ്ങളിലുമെത്തി അവയെ പാകപ്പെടുത്തുന്നു. അതാണ് ഭഗവതിമാരുടെ ആറാട്ടുകൾ. ഒടുവിൽ തിരുവല്ലയിലെത്തി അടഞ്ഞുകിടക്കുന്ന വടക്കേഗോപുരം തുറന്നു സഹസ്രദളത്തിൽ ആ മഹാശക്തി എത്തുന്നു അവിടെ ജീവചൈതന്യമായ ശ്രീവല്ലഭനോടൊത്ത് ചേരുന്നു. ആ മേളനത്തിൽ ആനന്ദനൃത്തം ചവിട്ടുന്നു.മൂന്ന് ഭഗവതിമാരും എത്തുന്നുണ്ടെങ്കിലും ശ്രീലകത്തേക്ക് ആലംതുരുത്തി ഭഗവതി മാത്രമേ പ്രവേശിക്കുന്നുള്ളു. ആ സമയം ഈ മൂന്നു ശക്തികളും ഒന്നുചേർന്നിരിക്കുന്നു എന്നത്രെ സങ്കൽപം. വൈഷ്ണവ തന്ത്രങ്ങൾ പ്രകാരം പരാവാസുദേവന്റെ ശക്തിയായ മഹാലക്ഷ്മി ശ്രീ, ഭൂ, നീല എന്നിങ്ങനെ മൂന്നായി പിരിയുന്നു. അവരുടെ പ്രവർത്തനങ്ങളിലൂടെ സൃഷ്ടി സംഭവിക്കുന്നു. ഒടുവിൽ സൃഷ്ടിലീലകൾക്ക് ശേഷം മൂന്നു ശക്തികളും ഒന്നായിച്ചെർന്ന് മഹാലക്ഷ്മിയാകുന്നു ഒടുവിൽ ആ ശക്തി പാരാവാസുദേവനിൽ ലീനമാകുന്നു. അതിന്റെ പ്രതീകം തന്നെയാണ് ഉത്രശ്രീബലി.

ഉത്രശ്രീബലി കഴിഞ്ഞ് ക്ഷേത്രത്തിന്റെ കിഴക്കുള്ള പ്രദേശങ്ങളിൽ ഭഗവതിമാർ അനുഗ്രഹിക്കുന്നു. അതിനു ശേഷം പടാപ്പാട് കരുനാട്ടുകാവ് ഭഗവതിമാർ തുകലശ്ശേരിയിലുള്ള ചക്രക്ഷാളനകടവിലെത്തി (തുകലാസുരനെ വകവരുത്തിയതിനുശേഷം ശ്രീവല്ലഭൻ ചക്രം കഴുകിയത് ഈ കടവിലെന്നാണ് സങ്കല്പം) തങ്ങളുടെ ഏഴാമത്തെ ആറാട്ട് നടത്തി തിരികെ ക്ഷേത്രത്തിലേക്ക് കിഴക്കേ നടവഴി കയറി ശ്രീവല്ലഭനോട് യാത്രപറഞ്ഞു വടക്കേ ഗോപുരമിറങ്ങി തിരിച്ചുപോകുന്നു. പണ്ടുകാലത്ത് കിഴക്കേനടയിൽ വച്ച് ആലംതുരുത്തി ഭഗവതിയ്ക്ക് തിരുപന്തം സമർപ്പണം പതിവുണ്ടായിരുന്നുവത്രെ. തിരുപന്തം കഴിഞ്ഞാൽ കിഴക്കേ ഗോപുരനടയിൽ ദേവി ആനന്ദ നൃത്തം ചവിട്ടും. കാലാന്തരത്തിൽ ആ ചിവിതകളി ഇപ്പോൾ നടക്കുന്നത് ഗോവിന്ദൻ കുളങ്ങര ക്ഷേത്ര സന്നിധിയിലാണ്. ചിവിതകളി കഴിഞ്ഞ് ആലംതുരുത്തി ഭഗവതി ആറാട്ടിനായി ചക്രക്ഷാളന കടവിലെത്തുന്നു. തന്ത്രിവര്യന്റെ വിശേഷാൽ പൂജകൾക്ക് ശേഷം, സർവ്വമംഗളകാരിണിയായ ഭഗവതിയുടെ ദിവ്യ മംഗള വിഗ്രഹം കടവിൽ മുങ്ങിനിവരുന്നു. വാദ്യമേളങ്ങളോടെ തിരുവല്ലാഴപ്പന്റെ അരികിലേക്ക് ഭഗവതി ഓടിയണയുകയായി.

ആലംതുരുത്തി ഭഗവതി ശ്രീവല്ലഭ സവിധത്തിലേക്ക്


ചരിത്ര പ്രസിദ്ധമായ ഉച്ചശ്രീബലി ഭഗവാന്മാരും, ഭഗവതിയും
തിരുവല്ല ക്ഷേത്രത്തിലാകട്ടെ ശ്രീവല്ലഭന്റെയും, സുദർശനമൂർത്തിയുടെയും ശിവേലിബിംബങ്ങൾ ശിരസ്സിൽ എഴുന്നളിച്ചുകൊണ്ടു ശാന്തിക്കാർ ഉച്ചശ്രീബലി തൂകുകയായിരിക്കും. കിഴക്കേനടയിലൂടെ പ്രവേശിക്കുന്ന ആലംതുരുത്തി ഭഗവതി ശ്രീവല്ലഭന് അഭിമുഖമായി എത്തുന്നതിനായി അപ്രദക്ഷിണമായി ഓടിയെത്തുന്നു. ആനന്ദാതിരേകത്താൽ ശ്രീവല്ലഭന്റെ മുൻപിൽ ദേവി ചുവടുകൾ വയ്ക്കുന്നു. വിശിഷ്ടമായ ആ ചുവടുകൾ കാണുന്നതോടെ, ശ്രീവല്ലഭസ്വാമിയുടെ ശക്തി, ഭഗവദ് വിഗ്രഹം എഴുന്നളിച്ചിരിക്കുന്ന ശാന്തിക്കാരനിലേക്ക് ആവേശിക്കുന്നു. 

ഭഗവതിക്ക് ശ്രീവല്ലഭൻ കൈനീട്ടം നൽകുന്നു

രണ്ടുകൈകളും വിട്ടുകൊണ്ട് പ്രത്യേക ഭാവത്തിലേക്ക് അദ്ദേഹം പ്രവേശിക്കുന്നു. അദ്ദേഹത്തിന്റെ കൈകളിലേക്ക് ഭക്തർ ശ്രീവല്ലഭ സ്വാമിക്കായി കാണിക്കയർപ്പിക്കുന്നു. ശ്രീവല്ലഭനും ഭഗവതിയും തമ്മിലുള്ള അഭേദം പ്രകടമാക്കിക്കൊണ്ടു അദ്ദേഹം ആ കാണിയ്ക്കമുഴുവൻ ഭഗവതിയുടെ ശിബികയിലേക്ക് ചൊരിയുന്നു. ഈ സമായത്തൊക്കെയും തലയ്‌ക്കുമുകളിൽ അത്യുഗ്രപ്രഭതൂകി തൊഴുതു നിൽക്കുകയാകും മീനസൂര്യൻ. ഉച്ചയ്ക്ക് നടക്കുന്ന ഈ ശ്രീബലിയെ ഉച്ചശ്രീബലി എന്ന് പറയുന്നു.

 
ചരിത്ര പ്രസിദ്ധമായ ഉച്ചശ്രീബലി ഭഗവാന്മാരും, ഭഗവതിയും

ഇപ്രകാരം പ്രദക്ഷിണം പൂർത്തിയാക്കി ശ്രീവല്ലഭനും സുദർശനമൂർത്തിയും ശ്രീകോവിലിലേക്ക് മടങ്ങുന്നു. ബലിക്കൽപ്പുര വരെ അകമ്പടി സേവിച്ച ഭഗവതി അൽപനേരം കൂടി അവിടെ വിശ്രമിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിലൊന്നും തന്നെ കണ്ടു അനുഗ്രഹം വാങ്ങിക്കാൻ കഴിയാതെപോയ ആരെങ്കിലുമുണ്ടെങ്കിൽ അവർക്ക് ഭഗവതിയെ ഒരു നോക്കുകണ്ട് അനുഗ്രഹം തേടുന്നതിനായുള്ള അവസരമാണത്. അതുകഴിഞ്ഞാൽ ക്ഷേത്രത്തിനു പ്രദക്ഷിണമായി വടക്കേനടയിലെത്തി ഭഗവതി ഗോപുരം ഇറങ്ങുന്നു വടക്കേഗോപുരനടയടയുന്നു. ഗോപുരം ഇറങ്ങിയാൽ ഭഗവതി നേരെ ആലംതുരുത്തിയ്ക്ക് തിരിച്ചെഴുന്നള്ളുന്നു. ഓടിയാണ് എഴുന്നള്ളത്ത്, ഓടി ആലംതുരുത്തിയെത്തിയാൽ ഞാഴപ്പള്ളി ഇല്ലത്തത് അൻപൊലിയോടെ ഭഗവതിയെ സ്വീകരിക്കുന്നു. അവിടെനിന്നും ഭഗവതി ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നു. ഇതേ സമയത്ത് തന്നെ മറ്റു രണ്ടു ഭഗവതിമാരെയും താന്താങ്ങളുടെ ശ്രീകോവിലേക്ക് എഴുന്നളിച്ചിരിക്കും. ഉത്സവബിംബത്തിൽ നിന്നും മൂലബിംബത്തിലേക്ക് ഭഗവതിയെ ആവാഹിച്ച് നവകാഭിഷേകം നടത്തുന്നതോടെ ഉത്സവത്തിനു പരിസമാപ്തിയാകും. ഒരായിരം ഉത്രശ്രീബലികൾ കണ്ടു തൊഴുതിട്ടും മതിവരാതെ തിരുവല്ലാദേശവും, അനുജത്തിയെ കണ്ടു മതിവരാതെ ശ്രീവല്ലഭനും അടുത്ത തിരുവുത്സവം കാലത്തിനായി കാത്തിരിക്കും.

 
വടക്കേഗോപുരം ഇറങ്ങി ഭഗവതി ആലംതുരുത്തിക്കു യാത്രയാകുന്നു 

Comments

Popular posts from this blog

മഹാഭാരതത്തിന്റെ ഒന്നാമൂഴം

ദേ ഹത്തിനു ആഹാരം പോലെ ഈ ആഖ്യാനം കവികൾക്കൊക്കെ ഉപജീവനമാണെന്ന് മഹാഭാരതത്തെക്കുറിച്ച് മഹാഭാരതം തന്നെ സ്വയം പർവ്വസംഗ്രഹപർവ്വത്തിൽ പറയുന്നുണ്ട്. ആ വാക്കുകൾ അന്വർത്ഥമാക്കും വിധം എത്രയെത്ര നാടകങ്ങൾ, കാവ്യങ്ങൾ, രംഗകലകൾ ഇവിടെ പിറന്നുവീണിരിക്കുന്നു. ഇന്നും നിരവധി നോവലുകൾ, ചെറുകഥകൾ, ഉപന്യാസങ്ങൾ വ്യാസവചനങ്ങളെ ഉപജീവിച്ചുകൊണ്ടു തന്നെ ഉരുവം കൊള്ളുന്നു. പറഞ്ഞാലും വായിച്ചാലും തീരാത്തത്രയുമധികം വിപുലമായ ഒരു സാഹിത്യ ലോകം തന്നെയാണ് മഹാഭാരതത്തെ ആശ്രയിച്ചു വികസിച്ചിട്ടുള്ളത്. വലിയൊരു ലക്ഷ്യത്തെ മുൻനിർത്തിയാണ് വേദവ്യാസൻ ഇതിഹാസം രചിച്ചിരിക്കുന്നത്. കേവലമായ ചരിത്രരചനയോ, ഭാവനാവിലാസമോ, സാഹിത്യവൈഭവപ്രകടനമോ അല്ല മറിച്ച് ആർഷമായ വൈദികജ്ഞാനത്തിന്റെ പകർന്നുനൽകലാണ് ഇതിഹാസസൃഷ്ടിയുടെ ആത്യന്തികമായ ലക്‌ഷ്യം. അതുകൊണ്ടു തന്നെ മഹാഭാരതത്തെ, അതിലെ ഉജ്വലവ്യക്തിത്വങ്ങളെ അറിയണമെന്ന് ആഗ്രഹിക്കുന്ന പക്ഷം ഒന്നാമൂഴം നൽകേണ്ടത് വ്യാസമഹാഭാരതത്തിനു തന്നെയാണ്. ഭീമനെ, കർണ്ണനെ, ദ്രൗപദിയെ, അർജ്ജുനനെ, കുന്തിയെ, ദുര്യോധനനെ, ഭീഷ്മപിതാമഹനെ, സാക്ഷാൽ ശ്രീകൃഷ്ണനെ ആദ്യം വായിച്ചെടുക്കേണ്ടത് വ്യാസവചനങ്ങളിലൂടെത്തന്നെയാണ്. ഇതിഹാസത്തിലേക്കൊരു പ്രവേശിക ഒര...

Sabarimala: Yet another story of a Procrustean bed

Many tempestuous debates are happening about the recent Supreme Court verdict on lifting the age restrictions for women entry to the famous Sabarimala temple. Most of these discussions whirl vehemently around the egalitarian axis of gender-specific characteristics of the temple rituals and customs. However, on the flip side which could be the more important side, we are bound to address another major facet of the same issue: Don’t a group of people have the freedom to worship a particular God who vowed to remain in “ Naishtika Brahmacharya ” (absolute celibate) form? Don’t they have the rights to value and preserve their God’s shrine as per their belief systems or should they modify their concept of God as per the popular concepts of “One and only True God”? Going by the customary beliefs prevailing for last several hundred years, Sabarimala temple is dedicated to a deity who has taken a strict vow of  Naishtika Brahmacharya , an intense kind of celibacy requiring the a...

Goddess of Knowledge

Sanatana Dharma proclaims that all knowledge, whether spiritual and secular, is divine. The ancient Rishis visualized knowledge in the form of Goddess Saraswati. Wearing pure white, holding in Her hands an Aksha mala, a book and a veena, and seated on a white lotus, Saraswati revealed Herself to them in their hearts. Saraswati Devi is worshipped throughout India, from Kashmir to Kanyakumari. Goddess Benzaiten Goddess Thurathadi Outside India, Saraswati is worshipped as Thurathadi in Burma and Benzaiten in Japan. In Bali (Indonesia), Sri Lanka, Thailand and many other countries Saraswati is being venerated even today. In olden times, the worship of the deity of knowledge was widespread all over the world. In ancient Persia (Iran) and other regions the Goddess of Knowledge was called Aredvi Sura Anahita. The terms ‘Sura’ and ‘anahita’ are adjectives meaning, respectively, valour and purity. ‘Aredvi’ is supposed to have come from ‘aryadevi.’ Besides knowledge, Aredvi was ...