ശ്രീവല്ലഭൻ ഉച്ചപ്പൂജയുടെ ശ്രീബലിയ്ക്കായി ഭഗവാൻ ഇന്ന് പുറത്തേക്ക് എഴുന്നള്ളിയിട്ടില്ല. അനുജത്തികൂടി എത്തിയിട്ടാകാം ശീവേലി എന്നും പറഞ്ഞു നോക്കിയിരിക്കാൻ തുടങ്ങിയിട്ട് നേരം കുറേയായി. പൂജയും ചിട്ടകളുമൊന്നു കടുകിട മാറാറില്ല തിരുവല്ലയിൽ, പക്ഷെ ഇന്നെല്ലാം വൈകിയിരിക്കുന്നു. അനിയത്തിയുടെ വരവ് അറിഞ്ഞപ്പോൾ മുതൽ തുടങ്ങിയതാണ് ഒരുക്കങ്ങൾ കാടുംപിടിച്ച് കിടന്ന വടക്കേഗോപുരമാകെ വെട്ടിത്തെളിച്ചിട്ടിട്ടുണ്ട്. അനുജത്തിക്ക് വേണ്ടി മാത്രമേ വടക്കേ ഗോപുരം തുറക്കാറുള്ളു. തോരണങ്ങൾ, ദീപാലങ്കാരങ്ങൾ, അരിമാവണിഞ്ഞ നടവഴികൾ എത്രയൊരുക്കിയിട്ടും മതിയാവാത്ത പോലെ. തിരുവല്ല മഹാക്ഷേത്രം ശ്രീവല്ലഭനോടൊപ്പം ഒരു നാട് മുഴുവൻ കാത്തിരിക്കുകയാണ്. അർദ്ധരാത്രി ആയിരിക്കുന്നു ഭഗവതിമാർ ഇനിയും എത്തിയിട്ടില്ല, ഉറങ്ങിയിട്ടില്ലെന്ന് മേനികാണിക്കാൻ നക്ഷത്രങ്ങൾ ഇടയ്ക്കിടെ കണ്ണ് ചിമ്മുന്നുണ്ട്. ചെണ്ടക്കാർ നാലും കൂട്ടി മുറുക്കി ഉറക്കത്തെ തോൽപ്പിക്കാൻ പെടാപ്പാടുപെടുന്നു. ദൂരെയെങ്ങാനും കൊട്ടുകേൾക്കുന്നുണ്ടോ എന്ന് ചിലർ ചെവി കൂർപ്പിക്കുന്നുണ്ട്. എല്ലാ കണ്ണുകളും വടക്കേ ഗോപുരത്തിലാണ്. ഇനിയും ഏറെ നേരം കാത്തിരിക്കണോ എന്ന് പരിഭവിക്കുന്നുണ്ട് ചിലർ. പെട്ട...