പ്രാർത്ഥനകളും ആചാരാനുഷ്ഠാനങ്ങളുമൊക്കെ ഓരോ ജനതയുടെയും സാമൂഹിക, ചരിത്ര പശ്ചാത്തലങ്ങളെ പ്രതിഫലിപ്പിക്കുന്നതായി നമുക്
ഗീതോപദേശത്തിനൊടുവിൽ അർജ്ജുനനോട് രഹസ്യങ്ങളിൽ വച്ച് രഹസ്യമായ ശാസ്ത്രം നിനക്ക് ഞാൻ ഉപദേശിച്ചു എന്നരുളിയ ശേഷം ശ്രീ കൃഷ്ണ ഭഗവാൻ പിന്നെ പറയുന്നത് ഇതിനെ മുഴുവൻ വിമർശനാത്മകമായി അപഗ്രഥനം ചെയ്ത് ശരിയെന്ന് തോന്നുന്നത് ചെയ്തു കൊള്ളാനാണ്. ഇത്തരത്തിൽ സ്വയം അവലോകനം ചെയ്യാനും, തീരുമാനത്തിലെത്താനുമുള്ള മനുഷ്യബുദ്ധിയുടെ കഴിവിനെ നമ്മുടെ സംസ്കൃതി ഒരിക്കലും നിരാകരിച്ചില്ല. സ്വതന്ത്രചിന് തയ്ക്കും അന്വേഷണാത്മകതയ്ക്കും ഭാരതം ഒരിക്കലും എതിര് നിന്നില്ല.എന്ന് മാത്രമല്ല അവയെ ഉത്കൃഷ്ടമായി കരുതുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. പണ്ഡിതാഗ്രിമൻമാരായ യാജ്ഞവൽക്യൻമാർക്ക് മുൻപിൽ ചോദ്യ ശരങ്ങളുമായി ഗാർഗ്ഗിമാർ നിർഭയം കടന്നു വന്നു.
താൻ വിശ്വസിക്കുന്ന മതസംഹിതകളിൽ വിശ്വസിക്കാത്തവരെയൊക്കെ കൊന്നു തള്ളിയ മധ്യകാല സംസ്കൃതികളിൽ നിന്നും ഏറെ വ്യത്യസ്തമായിരുന്നു ഭാരതത്തിൻറെ രീതി ഇവിടെ ആശയങ്ങൾ ആശയങ്ങൾക്ക് മേൽ വിജയം നേടിയത് സംവാദങ്ങളിലൂടെയായിരുന്നു. അപൗരുഷേയമെന്നു പുകൾപെറ്റ വേദത്തെയും, വേദാന്തതത്തേയുമെല്ലാം വ്യത്യസ്ത വീക്ഷണ കോണുകളിലൂടെ നോക്കിക്കാണുവാനും താന്താങ്ങളുടെ ആശയങ്ങൾ പ്രചരിപ്പിക്കുവാനും ഇവിടെ സാധിച്ചിരുന്നു. ഉപനിഷത്തുകളിലും , ഇതിഹാസങ്ങളിലും, പുരാണങ്ങളിലുമൊക്കെ സംവാദത്തിന്റെ പാരമ്പര്യം നമുക്ക് ദർശിക്കാൻ സാധിക്കും. .
ചർച്ചയ്ക്കും സംവാദങ്ങൾക്കും വിധേയമാകാൻ പാടില്ലാത്തതായി ഒരു ആശയസംഹിതകളെയും നമ്മുടെ പൂർവികർ ഗണിച്ചില്ല. ശാസ്ത്രങ്ങളുടെയും, യുക്തിയുടെയും അനുഭവത്തിന്റെയും വെളിച്ചത്തിൽ ഓരോ ആശയത്തെയും പരീക്ഷണ വിധേയമാക്കാൻ അവർ നിരന്തരം പരിശ്രമിച്ചു. വിഭിന്നങ്ങളായ ദർശനങ്ങളും, വ്യത്യസ്‍തങ്ങളായ ആശയങ്ങളും പണ്ഡിതസദസ്സുകളിൽ ചർച്ചചെയ്യപ്പെട്ടു. യുക്തിയുക്തമായവ അംഗീകരിക്കപ്പെട്ടു അല്ലാത്തവയെ തള്ളിക്കളഞ്ഞു. ആശയങ്ങൾ സ്ഥാപിക്കാൻ ശ്രമിച്ചവർ എതിരഭിപ്രായങ്ങളെ ഉൾക്കൊള്ളുകയും അവയ്ക്ക് യുക്തിയുടെ ഭാഷയിൽ മറുപടി പറയുകയും ചെയ്തു.
ആശയപരമായ ഭിന്നതകൾ ഒരിക്കലും ഇവിടെ സഹവർത്തിത്വത്തിനു വിഘാതമായി തീർന്നില്ല. ബൗദ്ധ-ജൈന ക്ഷേത്രങ്ങൾക്കും, മഠങ്ങൾക്കും പ്രോത്സാഹനം നൽകിയ ശൈവ-വൈഷ്ണവ രാജാക്കന്മാർ; പരസ്പരം കഠിനമായ വാദപ്രതിവാദങ്ങൾ നടത്തുമ്പോഴും സാമൂഹ്യജീവിതത്തിൽ അവയുടെ കാലുഷ്യം കലരാതെ സൂക്ഷിച്ച പണ്ഡിതന്മാർ; ഭാരതചരിത്രം ലോകത്തിനു മുൻപിൽ തുറന്നുകാട്ടുന്നത് ആശയ സ്വാതന്ത്ര്യത്തിൻെറ മഹനീയമായ ഇത്തരം ഏടുകളാണ്. മതങ്ങളുടെയും, പ്രത്യയശാസ്ത്രങ്ങളുടെയും പേരിൽ കലഹിക്കുന്നവർക്ക് മുൻപിൽ സനാതന സംസ്കൃതി നൽകുന്ന സന്ദേശവും ഇത് തന്നെയത്രേ.
സമസ്ത ലോകങ്ങളെയും പ്രകാശിപ്പിക്കുന്ന സവിതാവ് സകലരുടെയും ബുദ്ധിയെ പ്രചോദിപ്പിക്കട്ടെ.
വന്ദേ മാതരം
(മാതൃവാണി, 2017 ജനുവരി ലക്കം പ്രസിദ്ധീകരിച്ചത്)
Comments
Post a Comment