ഇന്ന് വസന്തപഞ്ചമി. നാന്മുഖൻറെ മുഖകമലങ്ങളിൽ നിന്നും വാഗ്ദേവിയായ സരസ്വതീ ദേവി ആവിർഭാവം ചെയ്തത് മാഘമാസത്തിലെ ശുക്ലപക്ഷപഞ്ചമി നാളിലത്രേ. , കാമദേവന്റെ ജന്മദിനവും, വസന്തകാലാരംഭവുമൊക്കെയായ വസന്തപഞ്ചമി വിദ്യാദേവതയുടെ ഉപാസനയ്ക്കായി നീക്കിവയ്ക്കപ്പെട്ടിരിക്കുന്നു. ആത്മീയവും ഭൗതികവുമായ സകല അറിവുകളും ഈശ്വരീയമാണ് എന്ന് സനാതന സംസ്കൃതി ഉദ്ഘോഷിച്ചു. ആ ജ്ഞാനത്തെ സരസ്വതീ രൂപത്തിൽ ഋഷീശ്വരന്മാർ ദർശിച്ചു.നിർമ്മലമായ ശ്വേതാംബരം ധരിച്ച്, അക്ഷമാലയും, ഗ്രന്ഥവും വീണയും, കയ്യിലേന്തി, ശ്വേതപദ്മത്തിൽ ഉപവിഷ്ടയായി അവരുടെ ഹൃദയസരസുകളിൽ സരസ്വതീ ദേവി വാണരുളി. കാശ്മീരം മുതൽ കന്യാകുമാരി വരെ ജ്ഞാനദേവതയായ സരസ്വതിപൂജിയ്ക്കപ്പെടുന്നു. ബർമ്മയിൽ തുരത്തതി എന്നപേരിലും, ജപ്പാനിൽ ബൻസന്റൈൻ എന്നപേരിലും സരസ്വതീ ദേവി ആരാധിയ്ക്കപ്പെടുന്നു.ബാലി, ശ്രീലങ്ക, തായ്‌ലൻഡ് തുടങ്ങി നിരവധി രാജ്യങ്ങൾ ഇന്നും സരസ്വതിദേവിയെ ആരാധിച്ചു പോരുന്നു. തുരത്തതി ദേവി ബൻസന്റൈൻ ദേവി ജ്ഞാന ദേവതയുടെ ആരാധന പുരാതന കാലത്ത് ലോകം മുഴുവൻ വ്യാപിച്ചിരുന്നു. പുരാതന ഇറാനിലും, പേർഷ്യയിലുമൊക്കെ ജ്ഞാന ദേവതയെ 'ആരെദ്വി സൂര അനാഹിത' എന്നായിരുന്നു വിളിച്ച...