ആത്മീയവും ഭൗതികവുമായ സകല അറിവുകളും ഈശ്വരീയമാണ് എന്ന് സനാതന സംസ്കൃതി ഉദ്ഘോഷിച്ചു. ആ ജ്ഞാനത്തെ സരസ്വതീ രൂപത്തിൽ ഋഷീശ്വരന്മാർ ദർശിച്ചു.നിർമ്മലമായ ശ്വേതാംബരം ധരിച്ച്, അക്ഷമാലയും, ഗ്രന്ഥവും വീണയും, കയ്യിലേന്തി, ശ്വേതപദ്മത്തിൽ ഉപവിഷ്ടയായി അവരുടെ ഹൃദയസരസുകളിൽ സരസ്വതീ ദേവി വാണരുളി. കാശ്മീരം മുതൽ കന്യാകുമാരി വരെ ജ്ഞാനദേവതയായ സരസ്വതിപൂജിയ്ക്കപ്പെടുന്നു. ബർമ്മയിൽ തുരത്തതി എന്നപേരിലും, ജപ്പാനിൽ ബൻസന്റൈൻ എന്നപേരിലും സരസ്വതീ ദേവി ആരാധിയ്ക്കപ്പെടുന്നു.ബാലി, ശ്രീലങ്ക, തായ്‌ലൻഡ് തുടങ്ങി നിരവധി രാജ്യങ്ങൾ ഇന്നും സരസ്വതിദേവിയെ ആരാധിച്ചു പോരുന്നു.
![]() |
ബൻസന്റൈൻ ദേവി |
![]() |
നാലാം നൂറ്റാണ്ടിലെ അനാഹിത ദേവിയുടെ ചിത്രം |
പുരാതന ഗ്രീക്കുകാർ ജ്ഞാന ദേവതയെ അഥീന എന്ന് വിളിച്ചു. ആകാശത്തിന്റെ അധിപനായ സീയൂസ് ദേവന്റെ തിരുനെറ്റിയിൽ നിന്നുമാണ് നിത്യകന്യകയായ അഥീനാദേവി പിറന്നതെന്നാണ് ഗ്രീക്ക് വിശ്വാസം. ജ്ഞാനം, കലകൾ, ധീരത എന്നിവയുടെയൊക്കെ അധിദേവതയായി അഥീനാ ദേവിയെ യവനൻമാർ ആരാധിച്ചു പൊന്നു. പുരാതന ഗ്രീസിൽ അഥീനിയംഎന്ന പേരിൽ നിരവധി അഥീനാ ക്ഷേത്രങ്ങളുണ്ടായിരുന്നു. ദേവിയുടെ മുൻപിലായി കവികളും, കലാകാരന്മാരും അവരുടെ കൃതികളും, കലാപ്രകടനങ്ങളും അവതരിപ്പിച്ചു വന്നു. അഥീനാ ദേവിയുടെ ആരാധനയോടൊപ്പം നിയമം, തത്വശാസ്ത്രം, ഭാഷാശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ അധ്യാപനവും ഇത്തരം ക്ഷേത്രങ്ങളിൽ നടന്നു വന്നിരുന്നു. അഥീന ദേവിയോടൊപ്പം മ്യൂസുകൾ എന്ന പേരിൽ ഒൻപത് വാഗ്ദേവതമാരെയും ഗ്രീക്കുകാർ ആരാധിച്ചിരുന്നു.
![]() |
അഥീന ദേവി |
ജ്ഞാനത്തെ ഈശ്വരനായിക്കണ്ട് ആരാധിച്ചിരുന്ന ആ മഹിത സംസ്കൃതി ഇന്ന് ഈ പ്രദർശങ്ങളിലൊന്നും നിലനിൽക്കുന്നില്ല. അധിനിവേശങ്ങളുടെ കൂരമ്പുകളേറ്റ് അവയൊക്കെ നിലംപതിച്ചു. ജ്ഞാനപ്രകാശത്തിൽ അഭിരമിച്ചിരുന്ന ജനതകൾ അജ്ഞാനത്തിന്റെ കൈപ്പിടിയിലേയ്ക്ക് വഴുതിവീണു. സംവാദങ്ങളുടെ സ്ഥാനം കൈക്കരുത്തിനു വഴിമാറിയപ്പോൾ ജ്ഞാനദേവതാ ക്ഷേത്രങ്ങൾ നിലത്തടിഞ്ഞു. മതവൈരമൊഴുക്കിയ നിണച്ചാലുകളിലുകളിലൂടെ കലകളും, ശാസ്ത്രവും, തത്വചിന്തയും, സ്വാതന്ത്രചിന്തയും പോയ്മറഞ്ഞു. ഒരിക്കൽ സംസ്കൃതിയുടെ കേളീരംഗങ്ങളായിരുന്ന നഗരങ്ങൾ ഇരുണ്ടയുഗത്തിലേക്ക് വഴുതിവീണു.
എന്നാൽ അറിവിൽ അഭിരമിക്കുന്ന ദേശമെന്നു പുകൾപെറ്റ ഭാരതത്തിൽ ജ്ഞാനദേവതയുടെ ആരാധന പ്രൗഢമായി തുടർന്ന് പൊന്നു. സാംസ്കാരികവും കായികവുമായ എല്ലാ അധിനിവേശങ്ങളെയും അതിജീവിച്ച് വിശ്വത്തിനാകെ വെളിച്ചമായി, വാഗ്ദേവതയുടെ വിലാസരംഗമായി ഭാരതം നിലകൊണ്ടു.
അജ്ഞാനത്തിൽ മുഴുകിക്കിടക്കുന്ന ലോകത്തെ വീണ്ടും വാഗധീശ്വരിയായ ശാരദ തന്റെ വീണാരവത്താൽ തുയിലുണർത്തട്ടെ. ശ്വേതാംബരധാരിണിയായ ആ ജ്ഞാനമൂർത്തി അസത്യത്തിൽ നിന്നും സത്യത്തിലേക്കും, ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്കും, മൃത്യുവിൽ നിന്നും അമരത്വത്തിലേക്കും നമ്മെ നയിക്കട്ടെ.
വന്ദേ മാതരം
2017 ഫെബ്രുവരി ലക്കം മാതൃവാണിയിൽ പ്രസിദ്ധീകരിച്ച ലേഖനം
Comments
Post a Comment