മറ്റേത് ആധ്യാത്മിക വിഷയവും പോലെ ഭക്തിയും വൈയക്തികമായ ഒരു അനുഭൂതി വിശേഷമാണ്. എങ്കിലും ഒരുവൻ പരമപ്രേമത്തിന്റെ അനുഭൂതി നുകരുന്നതോടെ നിരവധിയാളുകൾ അവനിലേക്ക് ആകൃഷ്ടനാകുന്നു. അമ്മയുടെ വാക്കുകളിൽ പറഞ്ഞാൽ ഒരു പൂവിടരുമ്പോൾ ശലഭങ്ങൾ സ്വാഭാവികമായും ആകൃഷ്ടമാകുന്നത് പോലെ!. പരാഭക്തനിൽ നിറഞ്ഞുകവിയുന്ന ആനന്ദത്തിന്റെ അല്പമാത്രമെങ്കിലും നുണയുന്ന ജീവന്മാർക്കെല്ലാം ആ പരാഭക്തിയെലേക്കുയരാൻ അദമ്യമായ ആഗ്രഹം ഉളവാകുന്നു. പരാഭക്തനിൽ ദൃഷ്ടമാകുന്ന സ്വാഭാവിക ഗുണവൈശിഷ്ട്യങ്ങളെല്ലാം, മറ്റുള്ളവർക്ക് സാധനാചര്യകളായി മാറുന്നു. അങ്ങനെ ഉത്തമമായ സാധനാചര്യകളനുഷ്ഠിയ്ക്കുന്ന ഒരു ജനസഞ്ചയം തന്നെ ഓരോ പരാഭക്തനും പിന്നിൽ ഉദയം ചെയ്യുന്നു. ഭക്തിപ്രസ്ഥാനങ്ങളുടെ ചരിത്രം പരിശോധിച്ചാൽ അവയെല്ലാം ഇത്തരത്തിൽ സ്വാനുഭൂതി സമ്പന്നരായ മഹാത്മാക്കളിൽ നിന്നും, അവതാരപുരുഷന്മാരിൽ നിന്നും ഉദയം ചെയ്തിട്ടുള്ളതാണെന്ന് മനസ്സിലാക്കാൻ സാധിക്കും.
സാഹിത്യത്തിന്റെ പശ്ചാത്തലത്തിൽ നിന്നും ചിന്തിക്കുമ്പോൾ തുഞ്ചത്ത് എഴുത്തച്ഛൻ മുതലായവരുടെ ഭക്തിരസപ്രധാനമായ കൃതികളെയാണ് കേരളത്തിന്റെ തനത് ഭക്തിപ്രസ്ഥാനമായി പ്രായേണ കൽപ്പിച്ചു പോരുന്നത്. 'സ്വച്ഛന്ദം പനയോലമേല്‍ കുറുകിടും നാരായമാം ചഞ്ചുവാല്‍ സ്വച്ഛം രാമകഥാമൃതം' പകർന്ന തുഞ്ചന്റെ കിളി മലയാള സാഹിതിയെ ഭക്തിരസാമൃതത്താൽ അഭിഷേകം ചെയ്തുവെന്നത് നിസ്തർക്കമായ വസ്തുതയാണ്. 'നാന്മറ നേരായ' ഇതിഹാസതത്വങ്ങളെ "ബോധഹീനന്മാർക്കറിയാംവണ്ണം" ചൊല്ലി എന്നതാണ് എഴുത്തച്ഛനിലാരംഭിക്കുന്ന മലയാള ഭക്തിപ്രസ്ഥാനത്തിന്റെ ഗരിമ, മറിച്ച് സാമൂഹികമായ തടയണകളെ ഉല്ലംഘിച്ച് ജനസാമാന്യത്തെ പരിരംഭണം ചെയ്യുന്ന ഭക്തിപ്രസ്ഥാനങ്ങളുടെ പൊതുഭാവത്തെ ഈ ഭക്തിപ്രസ്ഥാനം കൈക്കൊള്ളുന്നില്ല.
എന്നാൽ ഭാരതത്തിലെ മറ്റു പ്രദേശങ്ങളിലെ ഭക്തിപ്രസ്ഥാനങ്ങൾക്ക് സമാനമായി, ജനലക്ഷങ്ങളെ ഭക്തിയുടെ ഉദാത്തതലങ്ങളിലൂടെ അഭേദഭാവനയുടെ മഹത്സന്നിധിയിലേക്ക് കരേറ്റുന്ന അയ്യപ്പഭക്തിയുടെ കേന്ദ്രമാണ് കേരളം.
ശാസ്താവ് എന്ന ദേവതയുടെ ഉപാസന വളരെ പ്രാചീനമാണെന്ന് വേണം കരുതാൻ. സാ.വ മൂന്നാം നൂറ്റാണ്ടിൽ ശാസ്താവിന്റെ ആരാധന ദക്ഷിണേന്ത്യയില്‍ ഉണ്ടായിരുന്നു. തമിഴ്‌നാട്ടിലെ ആർക്കോട് എന്ന സ്ഥലത്ത് നിന്ന് ലഭിച്ച മൂന്നാം നൂറ്റാണ്ടിലെ ശിലാലിഖിതത്തില്‍ അയ്യപ്പനെന്നും, ഏഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ശൈവ കവി അപ്പർ തന്റെ കൃതികളായ തേവാരങ്ങളിലൊന്നിൽ ശാസ്താവിനെ ഹരിഹരസുതൻ ആയി വാഴ്ത്തുന്നുണ്ട്. അതുപോലെ തന്നെ തിരുജ്ഞാനസംബന്ധർ തന്റെ കൃതികളിലൊന്നിൽ ബ്രഹ്മചാരിയായ ദേവനായും, യുദ്ധനിപുണനായും, ശിവഭൂതങ്ങളുടെ നാഥനായും അയ്യപ്പനെ വാഴ്ത്തുന്നുണ്ട്. ഗോകർണം മുതൽ കന്യാകുമാരി വരെ വ്യാപിച്ചിരിക്കുന്ന കേരളദേശത്തിന്റെ രക്ഷയ്ക്കായി ശബരിമലയിലും, പൊന്നമ്പലമേട്ടിലുമടക്കം പരശുരാമൻ ശാസ്താക്ഷേത്രങ്ങൾ സ്ഥാപിച്ചു എന്ന പരമ്പരാഗത ഐതീഹ്യത്തെയും അനുസ്മരിക്കാതെ തരമില്ല.
അയ്യപ്പൻ, ശാസ്താവ്, അയ്യനാർ, മണികണ്ഠൻ, ചാത്തൻ എന്നിങ്ങനെ വ്യത്യസ്ഥ പേരുകളിലും വേട്ടശാസ്താവ്, വീരശാസ്താവ്, വിദ്യാശാസ്താവ്, ബാലശാസ്താവ്, ബ്രഹ്മചാരി, പ്രഭാ സത്യക സമേത ശാസ്താവ്, പൂർണാപുഷകലാസമേതശാസ്താവ്, വൈദ്യശാസ്താവ് എന്നിങ്ങനെ വ്യത്യസ്ഥ ഭാവങ്ങളിലും ശാസ്താവ് കൽപ്പിക്കപ്പെടുന്നു. ഇതില്‍ പ്രഭ എന്ന പത്‌നിയോടും സത്യകൻ എന്ന പുത്രനോടും കൂടെ ഇരിക്കുന്ന ഭാവമാണ് കേരളത്തിലെ തന്ത്ര വിതാനങ്ങളിൽ സാധാരണയായ് കണ്ടു വരുന്നത്. എന്നാൽ ശബരിമലയ്ക്കു പിൽക്കാലത്തു വന്നു ചേർന്ന പ്രസിദ്ധി യോഗിഭാവത്തിൽ യോഗപട്ടാസനം ധരിച്ചു ചിന്മുദ്രയേന്തിയ ഭാവത്തിനു കൂടുതൽ പ്രചാരം നേടിക്കൊടുത്തു.
ശബരിമലയിലെ ശാസ്താവ് അദ്വൈത തത്ത്വം ഉപദേശിക്കുന്ന ഭാവത്തിലാണ് പ്രതിഷ്ഠിയ്ക്കപ്പെട്ടിരിക്കുന്നത്. ചിന്മുദ്ര എന്ന് പുകൾപെറ്റ ജ്ഞാനമുദ്ര അദ്വൈത ദർശനത്തെയും, യോഗപട്ടാസനം കഠിനതപസ്സിനെയും പ്രതിനിധാനം ചെയ്യുന്നു. 'കരകലിത ചിന്മുദ്രമാനന്ദമൂർത്തിം' എന്ന് ആദിഗുരുവായ ദക്ഷിണാ മൂർത്തി ചിന്മുദ്രയിലൂടെ വേദാന്ത തത്ത്വം ഉപദേശിക്കുന്നതായി പറയപ്പെട്ടിരിക്കുന്നു. അതുപോലെ തന്നെ ഗീതോപദേശം ചെയ്യുമ്പോൾ ഭഗവാൻ ശ്രീ കൃഷ്ണനും ജ്ഞാനമുദ്രയെ ധരിച്ചിരിക്കുന്നതായി വർണിക്കപ്പെട്ടിരിക്കുന്നു( 'ജ്ഞാനമുദ്രായ കൃഷ്ണായ ഗീതാമൃതദുഹേ നമ:'). 'തത്ത്വമസി' എന്ന മഹാവക്യ ഉപദേശം തന്നെയാണ് ശബരിമലയിലെ ശാസ്താവിന്റെ തത്ത്വവും ഒരു പക്ഷെ ഇതിനാലായിരിക്കാം ശരണ മന്ത്രങ്ങളില്‍ 'ഗുരുവിൻഗുരുവായും', ഭവസാഗരത്തെ താരണം ചെയ്യിക്കുന്ന താരകബ്രഹ്മമായും ഒക്കെ അയ്യപ്പൻ വർണിക്കപ്പെടുന്നതും, സകല ഭൂതങ്ങളിലും തന്നിലും അയ്യപ്പനെ ദർശിക്കുന്ന അദ്വൈത ഭാവം അയ്യപ്പ ഭക്തർ കാത്തു സൂക്ഷിക്കുന്നതും.
അയ്യപ്പന്‍ ഗുരുസ്വരൂപനായ പരമാത്മാവ് തന്നെയാകുന്നു. പുരാവൃത്തങ്ങളിലെ ഹരിഹരസുതനും, ചരിത്രത്തിലെ പന്തളദാസനും, സ്തുതികളിലെ വീരനായകന്മാരും ഒക്കെ ധർമ്മശാസനാര്‍ത്ഥം അവിടുന്ന് സ്വീകരിച്ച അവതാരങ്ങളും!. അഥവാ അധർമ്മം നടമാടുന്ന കാലങ്ങളിലൊക്കെ ധർമ്മരക്ഷക്കായി എത്തിയവരിലൊക്കെ സ്വന്തം ഇഷ്ടദേവനെ ദർശിക്കുന്ന ആര്‍ഷഭൂമിയുടെ മഹിത പാരമ്പര്യത്തിന്റെ പ്രകാശനമാകാം ഈ അയ്യപ്പ കഥകളിലൊക്കെ നാം കാണുന്നത്.
ഗുരുസ്വരൂപിയായ, താരകബ്രഹ്മമായ ശ്രീധർമ്മ ശാസ്താവ് മനുഷ്യാവതാരം കൈക്കൊണ്ട്, ശബരിമലയിലെ പ്രാചീന ശാസ്താക്ഷേത്രത്തെയും, അതിനോടനുബന്ധിച്ച പതിനെട്ട് മലകളെയും ഉദയനൻ എന്ന ക്രൂരനായ കാട്ടുകൊള്ളക്കാരനിൽ നിന്നും മൊചിപ്പിക്കുകയും, പിന്നീട് മണ്ഡലവ്രതചര്യയും, ശബരിമല തീർത്ഥാടന വിധിയും ഭക്തർക്കായി ഉപദേശിക്കുകയും അതിനുശേഷം ലൗകിക ജീവിതത്തിൽ വിരക്തനായി അഷ്ടവിധ മൈഥുനങ്ങളേയും ത്യജിച്ച് ശബരിമലയിൽ മഹാതപസ്സിൽ ലയിക്കുകയും ചെയ്തുവെന്നതാണ് പ്രാദേശികമായ വ്യതിയാനങ്ങളോടെ പ്രചരിച്ചിക്കുന്ന അയ്യപ്പ ചരിതങ്ങളുടെയെല്ലാം സാരം.
അയ്യപ്പ സ്വാമിയാൽ ഉപദേശിയ്ക്കപ്പെട്ട വ്രതചര്യയും, തീർത്ഥാടന വിധിയും ഗുരുസ്വാമിമാരുടെ പരമ്പരകളിലൂടെ തുടർന്ന് വന്നു. അയ്യപ്പഭക്തർ ഗുരുമുഖത്ത് നിന്ന് അയ്യപ്പ മന്ത്രം ശ്രവിക്കുകയും ദീക്ഷാ കാലത്ത് ഗുരുവിനാൽ നൽകപ്പെടുന്ന കറുത്ത വസ്ത്രവും, മുദ്രാമാലയും ധരിക്കുകയും ചെയ്യുന്നു. യോഗദര്‍ശനങ്ങളിലെ യമനിയമാദികളോടും വേദാന്തത്തിലെ ശമദമാദികളോടും ചേര്‍ന്ന് നില്‍ക്കുന്നതാണ് മദ്യമാംസവര്‍ജ്ജനവും, ശൗചാദി നിഷ്ഠകളും ഒക്കെ നിഷ്‌കര്‍ഷിക്കുന്ന മണ്ഡല വ്രതം. ജാതിയുടെയോ, സാമ്പത്തിന്റെയോ അധികാരത്തിന്റെയോ ഭേദങ്ങളൊക്കെ മറന്ന് സകലരെയും ഇഷ്ടദേവനായി കണ്ട് നമസ്കരിക്കുന്ന ധന്യഭാവത്തിലേക്ക് ഓരോ സാധകനും മാറുന്നു. സംഘമായി നാമസങ്കീർത്തനം ചെയ്യുക, ജാതി, കുലം, ഗോത്രം എന്നീ ഭേദഭാവനകൾ സൂക്ഷിക്കാതിരിക്കുക, പ്രത്യേകം നിഷ്ഠകളും, വ്രതചര്യകളും അനുവർത്തിച്ച് ഗുരു ഉപദേശമനുസരിച്ച് കഴിയുക തുടങ്ങി ഭക്തിപ്രസ്ഥാനങ്ങളുടെ ഗുണകങ്ങളെല്ലാം മണ്ഡലവ്രതത്തിൽ ഉൾച്ചേർന്നിട്ടുള്ളതായി കാണാം. അതുപോലെ തന്നെ വിഷയത്യാഗവും അതിലധിഷ്ഠിതമായ സന്യാസചര്യകളും പരിമിതമായ കാലത്തേയ്ക്ക് ഗൃഹസ്ഥർക്ക് അനുഭവവേദ്യമാക്കുക്കുകയും അതുവഴി ജീവിതലക്ഷ്യത്തെക്കുറിച്ചുള്ള അനുസന്ധാനത്തിന് അവരെ പ്രാപ്തരാക്കുകയും ചെയ്യുന്നു എന്നതും മണ്ഡല വ്രതചര്യയുടെ സവിശേഷതയാണ്. വ്രതചര്യയുടെ ഒടുവിൽ ഗുരുസ്വാമിയോടൊപ്പം ശബരിമലയിലെത്തി സാക്ഷാൽ അയ്യപ്പനിൽ നിന്നും തത്വോപദേശം സ്വീകരിച്ച്, സ്വാമി പാദങ്ങളിൽ സ്വയം സമർപ്പിക്കപ്പെടുന്നുവെന്നാണ് ശബരിമല തീർത്ഥാടന സങ്കല്പം.
ഇത്തരത്തിൽ ഏറെ സവിശേഷമായ ഒരു ഭക്തിപ്രസ്ഥാനം അയ്യപ്പനെന്ന മഹാപുരുഷനാൽ കേരളത്തിൽ സ്ഥാപിക്കപ്പെട്ടിരിക്കുന്നു. ഭക്തിയുടെ നറുംപാൽ നുകർന്ന് ജനിമൃതികളുടെ മാമലകൾ താണ്ടി, പുണ്യപാപക്കെട്ടഴിച്ച് നറുനെയ്യായി സ്വാമി പാദത്തിൽ വീണലിയുമ്പോൾ, തൃക്കരമുയർത്തി തത്വമസ്യാദി വാക്യങ്ങളുടെ പൊരുളായ ജ്ഞാനമുദ്ര കാണിച്ചഭയമരുളുന്ന ആ തേജോരൂപം മനസ്സിൽ തെളിയുകയായി.
ഇത്തരത്തിലുള്ള വ്യത്യസ്തമായ സാധനാ സമ്പ്രദായങ്ങളും, ആചാരസവിശേഷതകളുമാണ് സംസ്കാരത്തിന്റെ നിറദീപം അണയാതെ കാത്ത് സൂക്ഷിച്ചത്. തലമുറകളിൽ നിന്നും തലമുറകളിലേക്ക് ആർഷ ജ്ഞാനത്തിന്റെ അമരജ്യോതിയെ സംക്രമിപ്പിക്കുന്ന മഹാപുരുഷന്മാരുടെ സ്മരണം നമ്മെ ധന്യതയിലേയ്ക്ക് നയിക്കട്ടെ.
വന്ദേ മാതരം
മാതൃവാണി 2019 ജനുവരി ലക്കത്തിൽ പ്രസിദ്ധീകരിച്ച ലേഖനം
മാതൃവാണി 2019 ജനുവരി ലക്കത്തിൽ പ്രസിദ്ധീകരിച്ച ലേഖനം
Comments
Post a Comment