![]() |
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രം |
![]() |
പ്രൊക്രൂസ്റ്റസും തിസ്യൂസും,570–560 BCEലെ കൂജയിൽ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്ന ചിത്രം |
വാസ്തവത്തിൽ പ്രൊക്രൂസ്റ്റസുകളെപ്പോലെയാണ് അധിനിവേശങ്ങൾ, അവ തദ്ദേശീയ സംസ്കാരങ്ങളെ തങ്ങളുടെ ഇരുമ്പുകട്ടിലിൽ വരിഞ്ഞുകെട്ടുകയും അവരുടെ സമ്പത്തിനെ മുഴുവൻ കൈക്കലാക്കുകയും ഒടുവിൽ കട്ടിലിനളവിൽ അവരെ മുറിച്ച് മാറ്റുകയും ചെയ്യുന്നു. കൊളോണിയൽശക്തികളുടെ അധിനിവേശവും, നൂറ്റാണ്ടുകൾ നീണ്ടുനിന്ന അടിമത്തഭരണവും ഭാരതത്തിനു സമ്മാനിച്ചത് ഇത്തരത്തിലുള്ള ഒരായിരം പ്രൊക്രൂസ്റ്റസ് കട്ടിലുകളായിരുന്നു.
വൈദേശിക രാഷ്ട്രങ്ങളുടെ അടിമത്തത്തിൽ കിടന്നിരുന്ന കാലഘട്ടത്തിൽ അവരുടെ മൂല്യബോധത്തോടും, സംസ്കാരത്തോടുമൊക്കെ അഭിനിവേശം ഉണ്ടാവുകയും, ജീവിതത്തിന്റെ സമസ്ത മേഖലകളെയും അത്തരം മൂല്യങ്ങളുടെ അടിസ്ഥാനത്തിൽ പുനർനിർണയിക്കുവാൻ ശ്രമിക്കുകയും ചെയ്യുക എന്നത് സ്വാഭാവികമാണ്. ഭാരതത്തെ സംബന്ധിച്ച് നൂറ്റാണ്ടുകൾ നീണ്ടു നിന്ന പാശ്ചാത്യ അടിമത്തം രാഷ്ട്രത്തിന്റെ സാമൂഹ്യ മനസ്സിനെ അത്തരത്തിൽ അപനിർമ്മിച്ചിട്ടുമുണ്ട്. അതുകൊണ്ടു തന്നെ മൂല്യബോധങ്ങളുടെ അളവുകോലായി പലപ്പോഴും യൂറോപ്പ്യൻ മൂല്യങ്ങളെ നാം പ്രതിഷ്ഠിച്ചു. കല, സാഹിത്യം, നിയമം, ബന്ധങ്ങൾ, തത്വചിന്ത തുടങ്ങിയവയിലൊക്കെയും യൂറോപ്പ്യൻ മൂല്യബോധത്തിലധിഷ്ഠിതമായ ഇന്ത്യൻ പകർപ്പുകളുണ്ടാക്കിയെടുക്കുവാനുള്ള ശ്രമങ്ങളായിരുന്നു ഇവിടെ നടന്നത്. എന്നാൽ കൊളോണിയൽ ഭരണത്തിൽ നിന്നും മുക്തമായി എഴുപതിറ്റാണ്ടുകളോളം പിന്നിട്ടിട്ടും യൂറോപ്പിലെ പ്രൊട്ടസ്റ്റന്റ് നവീകരണ കാലത്തെ മൂല്യബോധത്തിലാണ് നാം ഇന്നും തളയ്ക്കപ്പെട്ടിരിക്കുകയാണ്.

ആദ്യപുരുഷനായ ആദമിന്റെ വിരസത മാറ്റുന്നതിനായി യഹോവ ദൈവം ആദ്യസ്ത്രീയായ ഹവ്വയെ സൃഷ്ടിച്ചു നൽകുന്നു. മൈക്കൽ ആഞ്ചലോ ചിത്രം(1510-11) |
സ്ത്രീ പുരുഷനുവേണ്ടിയാണ് സൃഷ്ടിക്കപ്പെട്ടതെന്നും, അവൾ മൗനമായിരുന്നു അനുസരിക്കേണ്ടവളാണെന്നുമുള്ള മതബോധം നിലനിന്നിരുന്ന മധ്യകാല യൂറോപ്പിനെ സംബന്ധിച്ചിടത്തോളം, ഓരോ മതാചാരത്തെയും അവയുടെ ലിംഗനീതിയുടെ അടിസ്ഥാനത്തിൽ പുണർണ്ണയിക്കെണ്ടത് നവോത്ഥാന-നവീകരണ-ജ്ഞാനോദയ കാലഘട്ടങ്ങളുടെ ആവശ്യകതയായിരുന്നു. എന്നാൽ അത്തരം മാനദണ്ഡങ്ങൾ ഉപയോഗിച്ചല്ല ഭാരതത്തിലെ പ്രാദേശികമായ വിശ്വാസങ്ങളെയും, ആചാരങ്ങളെയും അളക്കേണ്ടത്.
ശബരിമലയുമായി ബന്ധപ്പെട്ട വർത്തമാനകാല വ്യവഹാരങ്ങളിൽ ലിംഗനീതിയുടെയും, വ്യക്തി സ്വാതന്ത്ര്യത്തിന്റെയും വായ്ത്താരികൾക്കപ്പുറം ഉയർന്നു കേൾക്കേണ്ടുന്ന മറ്റൊരു ചോദ്യമുണ്ട്. ഇന്നാട്ടിലെ ഒരു വിഭാഗം ജനങ്ങൾക്ക് 'നൈഷ്ഠിക ബ്രഹ്മചാരിയായ ഒരു ദൈവത്തെ ആരാധിക്കുവാനും, ആ വിശ്വാസത്തിനനുസൃതമായ രീതിയിൽ അവരുടെ ആരാധാനാലയം സ്ഥാപിച്ച് പരിപാലിക്കുവാനും അർഹതയുണ്ടോ? അതോ സർവ സ്വീകാര്യമായ "ശരിയായ ഏക ദൈവത്തെ" മാത്രമേ എല്ലാവരും ആരാധിക്കുവാൻ പാടുകയുള്ളോ?

വിശ്വാസമനുസരിച്ച് അഷ്ടവിധ മൈഥുനങ്ങളെയും ത്യജിച്ച് യുവതീ വിരക്തനായാണ് ശബരിമലയിലെ ആരാധനാമൂർത്തി നിലകൊള്ളുന്നത്. പന്തളരാജകുമാരനായ മണികണ്ഠൻ, തന്റെ രാജ്യവും, കൊട്ടാരവും പരിത്യജിക്കുകയും, നൈഷ്ഠികബ്രഹ്മചര്യം സ്വീകരിച്ച് വനാന്തരത്തിൽ നിത്യമായ തപസ്സിൽ മുഴുകകയും ചെയ്തു എന്ന് ഭക്തർ വിശ്വസിച്ചു പോരുന്നു. ഒരു മണ്ഡലക്കാലം വ്രതം നോറ്റ് വരുന്നവർക്ക് നിശ്ചിത ദിവസങ്ങളിൽ ദർശനം നടത്താൻ സ്വാമി അനുവാദം തന്നിട്ടുണ്ട് എന്നതും ആ വിശ്വാസത്തിന്റെ ഭാഗമാണ്. അതുകൊണ്ടു തന്നെ ഭക്തരെ സംബന്ധിച്ചിടത്തോളേം ശബരിമല കേവലമൊരു ആരാധനാ സ്ഥലിയല്ല മറിച്ച് അവരുടെ ഈശ്വരനായ അയ്യപ്പസ്വാമിയുടെ നിത്യമായ വാസസ്ഥാനമാണ്. സ്ത്രീകൾ ഏതെങ്കിലും തരത്തിൽ മോശക്കാരാണ് എന്നതുകൊണ്ടല്ല സ്ത്രീകൾക്ക് പ്രായത്തിനനുസരിച്ച് നിയന്ത്രണം വച്ചിരിക്കുന്നത്. മറിച്ച് അവിടെ ആരാധിക്കപ്പെടുന്ന ദേവതാ സങ്കൽപ്പത്തിന്റെ പ്രത്യേകതകൊണ്ടാണ്.
പശ്ചിമഘട്ട മലനിരകളിലെ കൊടുംവനത്തിലാണ് ശബരിമല അയ്യപ്പ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. മറ്റു ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായി മലയാളമാസങ്ങളിലെ ആദ്യത്തെ അഞ്ചുദിവസങ്ങളിലും, മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലങ്ങളിലുമൊഴികെ ക്ഷേത്രത്തിൽ നിത്യപൂജകളില്ല. അക്കാലങ്ങളിലത്രയും ഭസ്മാഭിഷിക്തനായി, യോഗദണ്ഡം ധരിച്ച് ആരണ്യത്തിന്റെ നിശ്ശബ്ദതയിൽ ലയിച്ച് അയ്യപ്പൻ മഹാതപസ്സിലായിരിയ്ക്കും. നട തുറക്കുന്ന ദിവസങ്ങളിൽ ധ്യാനത്തിൽ നിന്നുമുണർന്ന് ഭക്തർക്ക് ദർശനം നൽകുന്നു. ഭക്തരാകട്ടെ കുറഞ്ഞത് 18 തവണയെങ്കിലും ശബരിമല തീർത്ഥാടനം നടത്തിയിട്ടുള്ള ഒരു ആചാര്യനിൽ നിന്നും അയ്യപ്പദീക്ഷ സ്വീകരിച്ച് 41 ദിവസത്തെ കഠിന വ്രതം നോറ്റ് ഒടുവിൽ ഗുരുസ്വാമിയോടൊപ്പം ശബരിമലയിൽ എത്തുന്നു. ഇങ്ങനെ പ്രതിവർഷം ലക്ഷക്കകണക്കിനു സ്ത്രീകളും പുരുഷന്മാരുമാണ് ശബരിമലയിലെത്തി അയ്യപ്പൻറെ ദർശനം നേടുന്നത്. എന്നാൽ അയ്യപ്പസ്വാമിയുടെയും, ഭക്തരുടെയും ബ്രഹ്മചര്യഭാവത്തെ മാനിച്ചുകൊണ്ട് യുവതികളായ സ്ത്രീകൾ ശബരിമല സന്ദർശിക്കുക പതിവില്ല.

ശബരിമലയുമായി ബന്ധപ്പെട്ട വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും കാലം കൃത്യമായി നിർണ്ണയിക്കാൻ കഴിയില്ലെങ്കിലും. രണ്ടുനൂറ്റാണ്ട് മുൻപുള്ള ബ്രിട്ടീഷ് രേഖകളിൽ ഇവയെക്കുറിച്ചുള്ള പരാമർശമുണ്ട്.1810 മുതൽ 1820 വരെ തിരുവിതാംകൂർ & കൊച്ചി സ്റ്റേറ്റുകളിൽ വാർഡ് ആൻറ് കോണർ എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥർ ഒരു സർവേ നടത്തുകയുണ്ടായി, ആ സർവേ റിപ്പോർട്ടിൽ അവർ ശബരിമലയെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. അതിൽ സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന പതിനായിരത്തിലധികം ഭക്തരെ ശബരിമലയിൽ കാണാൻ സാധിച്ചെന്നും എന്നാൽ അവരിൽ യുവതികൾ ഉണ്ടായിരുന്നില്ലെന്നും, ആ ക്ഷേത്രത്തിലെ ദേവൻ ബ്രഹ്മചാരിയാണെന്ന ഭക്തരുടെ വിശ്വാസമാണ് അതിനു കാരണം എന്നും അവർ രേഖപ്പെടുത്തിയിരിക്കുന്നു.
ആഗമവിധികളനുസരിച്ച് ക്ഷേത്രങ്ങൾ കേവലം പ്രാർത്ഥനാലയങ്ങളല്ല, മറിച്ച് ദേവതയുടെ അധിവാസസ്ഥാനങ്ങളാണവ. സനാതനധർമ്മത്തിൽ പരമാത്മാവ് ഗുണരഹിതനും, ലൗകികമായ സകല വിധി നിഷേധങ്ങൾക്കും അതീതനുമാണ്. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമാണ് ക്ഷേത്രദേവതയുടെ കാര്യം; ഓരോ ക്ഷേത്രദേവതയ്ക്കും പ്രത്യേകമായ ഗുണവിശേഷങ്ങളും, ഇഷ്ടാനിഷ്ടങ്ങളും, വിധി നിഷേധങ്ങളുമുണ്ടാകും. ക്ഷേത്ര ദേവതയും പരമാത്മാവും തമ്മിലുള്ള വ്യത്യാസത്തെ കണ്ണാടിക്കൂട്ടിലെ മത്സ്യവും, സാഗരത്തിലേ മത്സ്യവുമായി മാതാ അമൃതാനന്ദമയി ദേവി താരതമ്യപ്പെടുത്തുന്നു. പാരമാർത്ഥിക തലത്തിൽ എല്ലാം ഒന്നെന്നു വരികിലും, ക്ഷേത്രദേവതയ്ക്ക് പ്രത്യേക മന്ത്ര വിശേഷങ്ങളും, സവിശേഷ ആചാര രീതികളും ആവശ്യമാണ്. കണ്ണാടിക്കൂട്ടിൽ വളർത്തുന്ന മത്സ്യങ്ങളെ അവയുടെ തരത്തിനും, സ്വഭാവത്തിനുമനുസരിച്ച് പരിപാലിക്കുന്നത് പോലെ വ്യത്യസ്ത ദേവതാ സങ്കല്പങ്ങളെയും ശ്രദ്ധയോടെ ആചരിച്ചു പോരുന്നു എന്നും അമ്മ ചൂണ്ടിക്കാണിക്കുന്നു.
![]() |
ആലംതുരുത്തി ഭഗവതിയെ ശിബികയിൽ എഴുന്നളിക്കുന്നു |
കേരളത്തിലെ ക്ഷേത്രോത്സവങ്ങളിൽ അവിഭാജ്യ ഘടകങ്ങളാണ് ആനയും, വെടിക്കെട്ടും എന്നാൽ തിരുവല്ലയ്ക്ക് സമീപം സ്ഥിതിചെയ്യുന്ന ആലംതുരുത്തി ക്ഷേത്രത്തിൽ ആനയും, വെടിക്കെട്ടും അനുവദനീയമല്ല. നന്ദഗോപന്റെ മകളായി അവതരിച്ച മഹാമായാദേവിയെ, കംസൻ കൊല്ലാനായി കാലിൽ പിടിച്ചുയർത്തിയതും, കംസന്റെ കയ്യിൽ നിന്നും തെന്നിമാറിയ ദേവി ആകാശത്തേക്കുയർന്ന്, കംസനെ താക്കീതു ചെയ്തതും പുരാണപ്രസിദ്ധമാണല്ലോ, ആ നന്ദനന്ദിനി സങ്കൽപ്പത്തിലാണ് അവിടെ പ്രതിഷ്ഠ. ദേവി ശൈശവാവസ്ഥയിലായതിനാൽ ആനയും, വെടിക്കെട്ടും ദേവിയ്ക്ക് ഭയമാണെന്നാണ് വിശ്വാസം. ആനയെയല്ല, അണ്ഡകടാഹങ്ങളെ മുഴുവൻ ഉന്മേഷ നിമേഷങ്ങളെകൊണ്ട് സൃഷ്ടിച്ച്, പാലിച്ച്, സംഹരിക്കുന്ന ജഗദീശ്വരിയാണ് ആനയെ ഭയമുള്ള കൊച്ചുകുഞ്ഞായി ആരാധിക്കപ്പെടുന്നത്. അത് തന്നെയാണ് ക്ഷേത്രസങ്കൽപ്പത്തിന്റെ പ്രത്യേകതയും. സാധാരണ മനുഷ്യരെ ഉദ്ധരിക്കുന്നതിനായി ഗുണരഹിതനായ പരമാത്മാവ്, നാമ-രൂപങ്ങളോടുകൂടിയ അർച്ചാവതാരമൂർത്തിയായി ക്ഷേത്രത്തിൽ നിലകൊള്ളുന്നു. അവിടെ ദേവതയ്ക്ക് മാനുഷികഗുണങ്ങളായ, ഇഷ്ടാനിഷ്ടങ്ങളും, സുഖ-ദുഃഖങ്ങളും, പരിമിതികളുമൊക്കെ കല്പിയ്ക്കപ്പെടുന്നു.
![]() |
പിടിയാനപ്പുറത്ത് എഴുന്നളുന്ന കുമാരനല്ലൂർ ഭഗവതി |
![]() |
കൊമ്പനാനപ്പുറത്ത് ചോറ്റാനിക്കര ഭഗവതി |
ക്ഷേത്രത്തിലെ ദേവതയുടെ രൂപ-ഭാവ-സങ്കല്പങ്ങൾക്കനുസരിച്ചാണ് പൂജയും, മറ്റു നിത്യ നിദാനങ്ങളുമൊക്കെ നിശ്ചയിക്കപെടുക. ആലംതുരുത്തി ഭഗവതിയ്ക്ക് ആന പാടില്ല എന്നാണെങ്കിൽ, കുമാരനല്ലൂരിൽ കൊമ്പനാനകൾക്കാണ് വിലക്ക്, അവിടെ ദേവി പിടിയാനപ്പുറത്താണ് എഴുന്നള്ളുക. എന്നാൽ കേരളത്തിലെ എണ്ണം പറഞ്ഞ കൊമ്പന്റെ മുകളിലാണ് ചോറ്റാനിക്കര ഭഗവതി എഴുന്നളുന്നത്. ഭഗവതി ഒന്ന് തന്നെയെങ്കിലും വ്യത്യസ്ത ഭാവങ്ങളിലായതുകൊണ്ട്, വ്യത്യസ്ത ആരാധനാ രീതികൾ പിന്തുടർന്ന് പോരുന്നു.
അങ്ങനെ വൈവിധ്യങ്ങൾ നിറഞ്ഞതാണ് നമ്മുടെ ക്ഷേത്രങ്ങൾ; അധികാരചിഹ്നങ്ങൾ അഴിച്ചു വച്ച്, രണ്ടാമ്മുണ്ട് അരയിൽക്കെട്ടി വേണം തളിപ്പറമ്പിൽ ദർശനം വാങ്ങാൻ, കാരണം അകത്തിരിക്കുന്നത് തമ്പുരാക്കന്മാർക്കും തമ്പുരാനായ രാജരാജേശ്വരനാണ്. പയ്യന്നൂരിൽ സുബ്രഹ്മണ്യസ്വാമിയുടെ ക്ഷേത്രത്തിൽ സന്യാസിമാർക്ക് പ്രവേശനമില്ലത്രേ, വൈക്കത്തപ്പൻ അന്നദാന പ്രഭുവാകുമ്പോൾ, ഏറ്റുമാനൂരപ്പൻ അഘോരമൂർത്തിയാണ്, പഴവങ്ങാടി ഗണപതിയ്ക്ക് നാളികേരമാണ് മുഖ്യമെങ്കിൽ പറശ്ശിനിക്കടവ് മുത്തപ്പന് പനങ്കള്ളും, മീനുമാണ് പഥ്യം, വിഭിന്നങ്ങളായ ദേവതാസങ്കല്പങ്ങൾ, വ്യത്യസ്തമായ ആചാരരീതികൾ!
![]() |
തളിപ്പറമ്പ് ശ്രീ രാജരാജേശ്വര ക്ഷേത്രം |

പറശ്ശിനിക്കടവ് ശ്രീമുത്തപ്പൻ മഠപ്പുര |
മനുഷ്യർക്ക് വ്യത്യസ്തങ്ങളായ മാനസിക-ശാരീരിക-സാംസ്കാരിക-സാമൂഹ്യ സാഹചര്യങ്ങളാണുള്ളതെന്നും, അവരവരുടെ സാഹചര്യങ്ങൾക്കനുസൃതമായുള്ള ആരാധനാ ക്രമങ്ങൾ ആവശ്യമാണെന്നുമുള്ള തിരിച്ചറിവാണ് ഈ വൈവിധ്യങ്ങൾക്ക് കാരണം. ഒപ്പം ഓരോരുത്തരുടെയും ഭാവനക്കും, മനോവികാസത്തിനുമനുസരിച്ച് ഈശ്വരനെ സങ്കല്പിക്കുവാനുള്ള സ്വാതന്ത്ര്യത്തിന്റെ തെളിവുമാണ് ഈ വൈവിദ്ധ്യങ്ങൾ.
ശരിയാണ് വേണമെങ്കിൽ ഈ വസ്തുതകളെയെല്ലാം കേവലം വിശ്വാസങ്ങൾ എന്ന് തള്ളിക്കളയാൻ ആർക്കും സ്വാതന്ത്ര്യമുണ്ട് എന്നാൽ വിശ്വാസികൾക്ക്, ആ വിശ്വാസ ക്രമങ്ങൾ തുടരാനുള്ള അവകാശത്തെ ചോദ്യം ചെയ്യാൻ ആർക്കും തന്നെ അവകാശമില്ല. ഒരു കൂട്ടം ആളുകൾ അവരുടെ വിശ്വാസത്തെ തിരസ്കരിക്കണം എന്ന് ശാഠ്യം പിടിക്കുവാൻ സഹവർത്തിത്വത്തിന്റെയും, ബഹുസ്വരതയുടേം ചരിത്രത്തിൽ അഭിരമിക്കുന്ന ഭാരതം പോലെയൊരു മഹാരാജ്യത്തിന് സാധിക്കുമോ? ശബരിമല വിഷയത്തെ ഈ തലത്തിൽ നിന്നുകൊണ്ട് കൂടി വേണം നാം സമീപിക്കുവാൻ.
![]() |
മണ്ണാറശാലക്ഷേത്രത്തിൽ പൂജയിലേർപ്പെട്ടിരിക്കുന്ന അമ്മ |
![]() |
കൂവാഗത്തെ തിരുനങ്കമാർ |
മതേതരമെന്ന് കൊട്ടിഘോഷിക്കപ്പെടുന്ന, വ്യത്യസ്ത സമൂഹങ്ങളുടെ സ്വതന്ത്രമായ സ്വത്വപരിപാലനത്തിന് ഒരിയ്ക്കലും വിഘാതമാവില്ലെന്ന് മേനി നടിക്കുന്ന, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ നീതിപീഠങ്ങളെ അയ്യപ്പൻ എന്ന ബ്രഹ്മചാരി ദൈവസങ്കൽപ്പം അലോസരപ്പെടുത്തുന്നുവോ? നീലാകാശത്തിന്റെ ഏഴ് തട്ടുകൾക്കപ്പുറം മാലാഖമാർ താങ്ങുന്ന സിംഹാസനത്തിൽ അമർന്നരുളുന്ന ഏകദൈവസങ്കല്പത്തോട് ചേർത്ത് നിർത്തി നോക്കുമ്പോൾ, ഇന്നാട്ടിലെ ജനഗണങ്ങളുടെ മനസ്സിൽ അധിനായകത്വം വഹിക്കുന്ന അയ്യപ്പനും, മാരിയമ്മക്കും, യെല്ലമ്മയ്ക്കും, ഹനുമാനും, ഭൈരവനുമൊന്നും ചന്തം പോരെന്നു തോന്നുന്നുവോ?
വ്യക്തിസ്വാതന്ത്ര്യത്തിനും, മതസ്വാതന്ത്രത്തിനും വേണ്ടി നിലകൊള്ളുന്നുവെന്നു വീമ്പിളക്കുന്ന മാദ്ധ്യമങ്ങളിൽ മിക്കവയും ശബരിമല വിഷയത്തെ ലിംഗനീതിനിഷേധത്തിന്റെ തൊഴുത്തിൽ കൊണ്ടുപോയി തളയ്ക്കാനാണ് ശ്രമിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ഒരു ജനതയ്ക്ക് അവർ ആരാധിക്കേണ്ടുന്ന ദൈവം അഥവാ ദൈവങ്ങൾ ഏത് പ്രകാരത്തിലുള്ളവയായിരിക്കണം എന്ന് നിശ്ചയിക്കാനുള്ള അവകാശമില്ലെന്ന് പരോക്ഷമായി പ്രഖ്യാപിക്കുകയാണ് ഇത്തരം മാധ്യമങ്ങൾ. അബ്രഹാമിക-ഏകദൈവ മതഗ്രന്ഥങ്ങൾ ഏതുവിധത്തിലൊക്കെയാണോ അന്യദൈവാരാധനയെ നിഷേധിക്കുന്നത് ആവിധത്തിലൊക്കെ ഈ മാദ്ധ്യമങ്ങളും ഇന്ത്യയിലെ തദ്ദേശീയ ജനതയുടെ ആചാരണങ്ങളെയെല്ലാം ഭത്സിക്കുകയാണ്.
കാൽസറായിയും കോട്ടുമിട്ട നിയമങ്ങൾ ഒരു ജനതയുടെ ശ്രീകോവിലുകളിലേക്കും, കാവുകളിലേക്കും, മടപ്പുരകളിലേക്കും കയറിവരുകയാണ്. സായിപ്പന്മാരുടെ ബൂട്ടുകളെ അതിജീവിച്ച നമ്മുടെ ജീവിത വീക്ഷണം ഇന്ന് അഭിനവ ശിപായിമാരുടെ അപകർഷതാബോധത്തിൽപ്പെട്ടുഴലുകയാണ്. ജീവിതമൂല്യങ്ങളെയും ആചാരരീതികളെയും മുഴുവൻ അറുത്തുമുറിച്ചും. അടിച്ചുപരത്തിയും 'പരിഷ്കൃതമാക്കാൻ' പ്രൊക്രൂസ്റ്റസുകൾ കത്തിക്ക് മൂർച്ചകൂട്ടുമ്പോൾ കാലം ഒരായിരം തിസ്യൂസുകളെ ആവശ്യപ്പെടുകയാണ്.
Comments
Post a Comment