ലങ്കാധിപതിയായ രാവണന്റെ മുകളിൽ ശ്രീരാമചന്ദ്രന്റെ വിജയം, ഭീഷ്മദ്രോണാദികളടങ്ങുന്ന കൗരവപ്പടയുടെ മേൽ അർജുനൻ നേടിയ വിജയം, മഹിഷാസുരന്റെ മേൽ മഹാദേവി നേടിയ വിജയം ഇങ്ങനെ വിജയദശമിയ്ക്ക് പിന്നിൽ വിവിധ ഐതീഹ്യങ്ങളുണ്ട്. കേരളത്തിൽ പുസ്തകപൂജ ചെയ്തും, വിദ്യാരംഭം കുറിച്ചും നവരാത്രി ആഘോഷിക്കുമ്പോൾ, പുൽക്കൊടിമുതൽ പരാശക്തിവരെ സകലതിനെയും ബൊമ്മക്കൊലുവായി പൂജിക്കുന്ന പൂജിക്കുന്ന സമ്പ്രദായമാണ് തമിഴ്‌നാട്ടിൽ, രാജപുത്രർക്ക് അശ്വപൂജയും, ആയുധപൂജയുമാണെങ്കിൽ പശ്ചിമ ഭാരതത്തിൽ ഉറക്കമില്ലാത്ത നൃത്തസന്ധ്യങ്ങളുടെ ഉത്സവമാണ്. മൈസുരുവിൽ ആനപ്പുറത്തേറുന്ന ചാമുണ്ഡേശ്വരിയുടെ രാജകീയമായ എഴുന്നളത്താണെങ്കിൽ ഭീമാകാരമായ പന്തലുകളിൽ വിരാജിക്കുന്ന ദുർഗാമൂർത്തിയുടെ പൂജയാണ് വങ്കനാട്ടിൽ. ഉത്തരഭാരതത്തിലാകട്ടെ രാമലീലയ്ക്കാണ് പ്രാധാന്യം. ചിലയിടങ്ങളിൽ കുമാരിക, ത്രിമൂർത്തി, കല്യാണി എന്നിങ്ങനെ നവകന്യാപൂജയാണ് പ്രധാനം, ചിലയിടങ്ങളിലാകട്ടെ ശൈലപുത്രി, ബ്രഹ്മചാരിണി, ചന്ദ്രഘണ്ഡ എന്നിങ്ങനെ നവദുർഗാപൂജയ്ക്കാണ് പ്രാധാന്യം.ചിലർ ഉപവസിച്ചും, ചിലർ സസ്യാഹാരം മാത്രം ശീലിച്ചും നവരാത്രി നോൽക്കുമ്പോൾ, മറ്റുചിലർ ദുർഗാഷ്ടമിയ്ക്ക് മാംസം നിവേദിച്ച് ദേവിയെ പൂജിക്ക...