നാനാരത്നങ്ങളും, ആഭരണങ്ങളും അണിഞ്ഞു നിൽക്കുന്ന ദേവിയെപ്പോലെ തന്നെയാണ് നവരാത്രിയും. വിഭിന്നകളായ ഐതിഹ്യങ്ങൾകൊണ്ടും ആചരണങ്ങൾകൊണ്ടും സമൃദ്ധമാണ് നവരാത്രി. എങ്കിലും ഈ വ്യത്യസ്തതകൾക്കെല്ലാം ഏകാധാരമായി ദേവി നിലകൊള്ളുന്നു. യുദ്ധത്തിന് മുൻപ് ശ്രീരാമൻ ദുര്ഗാപൂജ ചെയ്തതായി പുരാവൃത്ത. അഷ്ടോത്തരശതം അർച്ചിച്ചിയ്ക്കുമ്പോൾ, താമരയൊന്നു കുറഞ്ഞുപോയെന്നും ഉടനെ സ്വന്തം നയനാംബുജം ഇറുത്തെടുത്തർച്ചിയ്ക്കാൻ തുടങ്ങിയ ശ്രീരാമനെ തടഞ്ഞു കൊണ്ട് ദേവി പ്രത്യക്ഷയായി, അനുഗ്രഹങ്ങൾ നൽകിയെയത്രെ . അർജുനന്റെ കാര്യമെടുത്താൽ, അദ്ദേഹവും കൃഷ്ണോപദേശം അനുസരിച്ച് ദുർഗാദേവിയെ പൂജിച്ച്ശക്തിനേടുന്നതായി മഹാഭാരതത്തിൽ പറയുന്നു.
ശിവന്റെ അനന്യയായ ശക്തിവിശേഷമായി ശൈവ-ശാക്തേയ സമ്പ്രദായങ്ങൾ ദേവിയെ വാഴ്ത്തുമ്പോൾ, പരാവാസുദേവന്റെ അഭിന്നമായ ശക്തിവിശേഷമായി മഹാലക്ഷ്മിയെ ശ്രീതന്ത്രം പോലെയുള്ള വൈഷ്ണവ തന്ത്രങ്ങൾ കാണുന്നു, ശ്രീദേവി, ഭൂദേവി, നീലാദേവി എന്നിങ്ങനെ ഗുണാശ്രയത്വത്തോടെ നിലകൊള്ളുന്നത് ഈ മഹാലക്ഷ്മി തന്നെയെന്ന് വൈഷ്ണവാഗമങ്ങൾ. ഗൗഡീയ വൈഷ്ണവ സമ്പ്രദായത്തിലെ ആചാര്യനായിരുന്ന ജീവ ഗോസ്വാമി ബ്രഹ്മസംഹിതയുടെ ഭാഷ്യത്തിൽ ദുർഗയും കൃഷ്ണനും തമ്മിലുള്ള അഭിന്നതയെ എടുത്തു പറയുന്നുണ്ട്. സിഖ് സമ്പ്രദായങ്ങളിൽ അഷ്ടഭുജധരയായ ചണ്ഡീകല്പനയുണ്ട്. ജൈനമതത്തിലാകട്ടെ തീർത്ഥങ്കരന്മാരുടെ രക്ഷാശക്തികളായി അംബികാ മുതലായ ദേവീശക്തിയെ ആദരിയ്ക്കുന്നു. ബൗദ്ധ സമ്പ്രദായങ്ങളിൽ താരാ മുതലായ ദേവിമാരെ ആചരിയ്ക്കുന്ന പതിവ് വളരെ ശക്തമാണ്. ഇങ്ങനെ ഭാരതത്തിലെ ദർശന-സമ്പ്രദായ ഭേദങ്ങളെയെല്ലാം അതിക്രമിച്ച് ദേവീ തത്ത്വം നിലകൊള്ളുന്നു.
കേവലം ഭാരതത്തിൽ മാത്രമല്ല, എല്ലാ പുരാതന സംസ്കൃതികളിലും ദേവ്യാരാധന നിലനിന്നിരുന്നു. ഏഷ്യാമൈനറിൽ സിംഹവാഹിനിയായ മഹാമാതാവിന്റെ(Magna Mater) ആരാധന പ്രബലമായിരുന്നു, പ്രാക്തന സെമിറ്റിക് പ്രദേശങ്ങളിൽ അശേര എന്ന ദേവിയുടെ ആരാധനയുണ്ടായിരുന്നു, മെസൊപ്പൊട്ടേമിയയിലെ ഇനാന്നാ ദേവിയും ഈജിപ്തിലെ ഐസിസ് ദേവിയും, ആഫ്രിക്കയിലെ ഓഷുൻ ദേവിയും അങ്ങനെ നിരവധി ദേവീ സങ്കല്പങ്ങൾ പുരാതന ലോകത്തിനു സ്വന്തമായിരുന്നു. അധിനിവേശങ്ങളുടെ കുത്തൊഴുക്കിൽ അവയിലധികവും ഇന്ന് നഷ്ടമായിരിക്കുന്നു അവശേഷിക്കുന്നത് പലതും നഷ്ടപ്രായവുമായിരിക്കുന്നു.
പക്ഷെ ഭാരതത്തിൽ ആയിരത്താണ്ടുകൾ കഴിഞ്ഞിട്ടും, അധിനിവേശങ്ങളൊട്ടേറെ പൊയ്തൊഴിഞ്ഞിട്ടും ദേവ്യാരാധന പൂർവാധികം ഭംഗിയായി ആഘോഷിയ്ക്കപ്പെടുന്നു. സംഗീതത്തിലൂടെ, നൃത്തത്തിലൂടെ, ചിത്രങ്ങളിലൂടെ, ശില്പങ്ങളിലൂടെ, പൂജകളിലൂടെ, സമർപ്പണങ്ങളിലൂടെ നവരാത്രിയും ദേവിയും കൊണ്ടാടപ്പെടുന്നു. ശക്തിയുടെ, ധർമ്മത്തിന്റെ, വിജയത്തിന്റെ, കീർത്തിയുടെ അങ്ങനെ അനേകം ഗുണങ്ങളുടെ പ്രതീകമായി ജനഹൃദങ്ങളുടെ സിംഹാസനത്തിൽ ജഗദീശ്വരി വാണരുളുന്നു. ശ്രീരാമന്റെയും അർജുനന്റെയും മഹിഷമർദ്ദിനിയുടെയും വിജയം മാത്രമല്ല വിജയദശമി. അധിനിവേശങ്ങളെ അതിജീവിച്ച് കരുത്താർന്നുയർകൊള്ളുന്ന സനാതന സംസ്കൃതിയുടെ വിജയം കൂടിയാണ് വിജയദശമി. ആ സംസ്കൃതിയുടെ ആധാരശിലകളിലൊന്നായ ദേവീ തത്ത്വത്തിന്റെ, വിശ്വമാതൃത്വത്തിന്റെ വിജയദിനം കൂടിയാണ് വിജയദശമി.
സ്തുതാസി ത്വം മഹാദേവി വിശുദ്ധേനാന്തരാത്മനാ
ജയോ ഭവതു മേ നിത്യം ത്വത്പ്രസാദാദ്രണാജിരേ
(അർജുനന്റെ ദുർഗാസ്തുതിയിൽ നിന്നും, മഹാഭാരതം ഭീഷ്മപർവം)
ചിത്രം: ആനപ്പുറത്ത്, സ്വർണ്ണ അമ്പാരിമേൽ എഴുന്നള്ളുന്ന ചാമുണ്ഡേശ്വരി ദേവി, മൈസൂരു, കർണ്ണാടക
photo courtesy: Arun Mysore Clicks
Comments
Post a Comment