Skip to main content

അരികിലണയുമ്പോൾ




ദൂരെയെങ്ങോ കുടമണികിലുങ്ങുന്ന ശബ്ദം കേൾക്കുന്നുണ്ട്, മഞ്ഞുമല നടന്നുവരുന്നതുപോലെയുണ്ടാകും ആ കൂറ്റൻ നടന്നുവരുന്നത് കാണാൻ. പൊന്നുകെട്ടിയ കൊമ്പുകളും, പൊന്മണികൾ നിരത്തിക്കെട്ടിയ മാലകളും, കാൽത്തളകളും, ഹമ്പമ്പൊ അതൊരു കാഴ്ചതന്നെയാണ്. ചുടലചാമ്പലും വാരിപ്പൂശി, ഋഷിമാരും, ഭൂതഗണങ്ങളും മുൻപേ നടക്കുന്നു. പലരൂപത്തിലും, വേഷത്തിലുമുള്ളവർ, ശൂലം പിടിച്ചവർ, ദണ്ഡ് ധരിച്ചവർ, രാജകീയ വേഷം ധരിച്ചവർ, കൗപീനമാത്രധാരികൾ, ദിഗംബരന്മാർ. ചിലർ നടക്കുന്നു, മറ്റു ചിലർ നൃത്തം ചവിട്ടുന്നു. അവരുടെ ദേഹങ്ങളിൽ നിന്നുതിരുന്ന ചാമ്പൽ അന്തരീക്ഷമാകെ നിറയുന്നു, പഞ്ചാക്ഷരീ മന്ത്രം മാറ്റൊലി കൊള്ളുന്നു.
 
കോടമഞ്ഞിന്റെ തിരശീലകൾ നീങ്ങുമ്പോൾ അകലെക്കാണാം ഭൂതഗണങ്ങളുടെ ഘോഷയാത്ര, അവർക്കു പുറകിൽ തലയുയർത്തി നന്തികേശൻ, അവന്റെ മുകളിൽ ആ തേജോമയരൂപം. തൃക്കയ്യിൽ ശൂലമേന്തി, തിരുജടയിൽ ചന്ദ്രനും ഗംഗയും ചൂടി ആനന്ദരൂപൻ. ജനിമൃതിക്കെട്ടുകളറുത്ത് മുക്തിപദത്തിലേക്ക് ചേർക്കാൻ അവിടുന്ന് വരികയാണ്. മൗനത്തിലൂടെ മഹാവ്യാഖ്യാനം ചെയ്യുന്ന ആദിഗുരു, തിരുജ്ഞാനസംബന്ധർക്ക് ജ്ഞാനപ്പാലൂട്ടിയ അമ്മയപ്പൻ, കാലത്തിന്റെ കെട്ടഴിച്ച് മാർക്കണ്ഡേയനെ അമരനാക്കിയ മൃത്യുഞ്ജയമൂർത്തി. ബ്രഹ്‌മാണ്ഡങ്ങളെ രചിച്ചു, കാത്തു, സംഹരിച്ചു ലീലാനടനം ചെയ്യുന്ന നടരാജൻ.
 
അങ്കത്തടത്തിൽ സാക്ഷാൽ ജഗദംബിക, അരികിൽ കുമാരന്മാരും, ദേവഗണങ്ങളും. മഹാഭക്തന്മാർ സ്തുതിഗീതങ്ങൾ പാടുന്നു നായനാർമാർ, ലല്ലേശ്വരി, അക്കമഹാദേവി...
അവിടുന്ന് അരികിലണയുകയായി, തൃക്കൈകൾ നീട്ടുന്നു, ഒരു കൂവളത്തില പദമലരിലണയുന്നു..
ഇനി എല്ലാം ശിവമയം, ശിവശക്തിമയം

നമഃ ശിവായൈ ച നമഃ ശിവായ

Comments

Popular posts from this blog

മഹാഭാരതത്തിന്റെ ഒന്നാമൂഴം

ദേ ഹത്തിനു ആഹാരം പോലെ ഈ ആഖ്യാനം കവികൾക്കൊക്കെ ഉപജീവനമാണെന്ന് മഹാഭാരതത്തെക്കുറിച്ച് മഹാഭാരതം തന്നെ സ്വയം പർവ്വസംഗ്രഹപർവ്വത്തിൽ പറയുന്നുണ്ട്. ആ വാക്കുകൾ അന്വർത്ഥമാക്കും വിധം എത്രയെത്ര നാടകങ്ങൾ, കാവ്യങ്ങൾ, രംഗകലകൾ ഇവിടെ പിറന്നുവീണിരിക്കുന്നു. ഇന്നും നിരവധി നോവലുകൾ, ചെറുകഥകൾ, ഉപന്യാസങ്ങൾ വ്യാസവചനങ്ങളെ ഉപജീവിച്ചുകൊണ്ടു തന്നെ ഉരുവം കൊള്ളുന്നു. പറഞ്ഞാലും വായിച്ചാലും തീരാത്തത്രയുമധികം വിപുലമായ ഒരു സാഹിത്യ ലോകം തന്നെയാണ് മഹാഭാരതത്തെ ആശ്രയിച്ചു വികസിച്ചിട്ടുള്ളത്. വലിയൊരു ലക്ഷ്യത്തെ മുൻനിർത്തിയാണ് വേദവ്യാസൻ ഇതിഹാസം രചിച്ചിരിക്കുന്നത്. കേവലമായ ചരിത്രരചനയോ, ഭാവനാവിലാസമോ, സാഹിത്യവൈഭവപ്രകടനമോ അല്ല മറിച്ച് ആർഷമായ വൈദികജ്ഞാനത്തിന്റെ പകർന്നുനൽകലാണ് ഇതിഹാസസൃഷ്ടിയുടെ ആത്യന്തികമായ ലക്‌ഷ്യം. അതുകൊണ്ടു തന്നെ മഹാഭാരതത്തെ, അതിലെ ഉജ്വലവ്യക്തിത്വങ്ങളെ അറിയണമെന്ന് ആഗ്രഹിക്കുന്ന പക്ഷം ഒന്നാമൂഴം നൽകേണ്ടത് വ്യാസമഹാഭാരതത്തിനു തന്നെയാണ്. ഭീമനെ, കർണ്ണനെ, ദ്രൗപദിയെ, അർജ്ജുനനെ, കുന്തിയെ, ദുര്യോധനനെ, ഭീഷ്മപിതാമഹനെ, സാക്ഷാൽ ശ്രീകൃഷ്ണനെ ആദ്യം വായിച്ചെടുക്കേണ്ടത് വ്യാസവചനങ്ങളിലൂടെത്തന്നെയാണ്. ഇതിഹാസത്തിലേക്കൊരു പ്രവേശിക ഒര...

തിരുവല്ലാഴപ്പന്റെ ഉത്രശ്രീബലിയും ഉച്ചശ്രീബലിയും

ശ്രീവല്ലഭൻ ഉച്ചപ്പൂജയുടെ ശ്രീബലിയ്ക്കായി ഭഗവാൻ ഇന്ന് പുറത്തേക്ക് എഴുന്നള്ളിയിട്ടില്ല. അനുജത്തികൂടി എത്തിയിട്ടാകാം ശീവേലി എന്നും പറഞ്ഞു നോക്കിയിരിക്കാൻ തുടങ്ങിയിട്ട് നേരം കുറേയായി. പൂജയും ചിട്ടകളുമൊന്നു കടുകിട മാറാറില്ല തിരുവല്ലയിൽ, പക്ഷെ ഇന്നെല്ലാം വൈകിയിരിക്കുന്നു. അനിയത്തിയുടെ വരവ് അറിഞ്ഞപ്പോൾ മുതൽ തുടങ്ങിയതാണ് ഒരുക്കങ്ങൾ കാടുംപിടിച്ച് കിടന്ന വടക്കേഗോപുരമാകെ വെട്ടിത്തെളിച്ചിട്ടിട്ടുണ്ട്. അനുജത്തിക്ക് വേണ്ടി മാത്രമേ വടക്കേ ഗോപുരം തുറക്കാറുള്ളു. തോരണങ്ങൾ, ദീപാലങ്കാരങ്ങൾ, അരിമാവണിഞ്ഞ നടവഴികൾ എത്രയൊരുക്കിയിട്ടും മതിയാവാത്ത പോലെ. തിരുവല്ല മഹാക്ഷേത്രം ശ്രീവല്ലഭനോടൊപ്പം ഒരു നാട് മുഴുവൻ കാത്തിരിക്കുകയാണ്. അർദ്ധരാത്രി ആയിരിക്കുന്നു ഭഗവതിമാർ ഇനിയും എത്തിയിട്ടില്ല, ഉറങ്ങിയിട്ടില്ലെന്ന് മേനികാണിക്കാൻ നക്ഷത്രങ്ങൾ ഇടയ്ക്കിടെ കണ്ണ് ചിമ്മുന്നുണ്ട്. ചെണ്ടക്കാർ നാലും കൂട്ടി മുറുക്കി ഉറക്കത്തെ തോൽപ്പിക്കാൻ പെടാപ്പാടുപെടുന്നു. ദൂരെയെങ്ങാനും കൊട്ടുകേൾക്കുന്നുണ്ടോ എന്ന് ചിലർ ചെവി കൂർപ്പിക്കുന്നുണ്ട്. എല്ലാ കണ്ണുകളും വടക്കേ ഗോപുരത്തിലാണ്. ഇനിയും ഏറെ നേരം കാത്തിരിക്കണോ എന്ന് പരിഭവിക്കുന്നുണ്ട് ചിലർ. പെട്ട...

കൊണാർക്കെന്ന മഹാകാവ്യം

കല്ലുകളിൽ രചിച്ച മഹാകാവ്യങ്ങൾ പോലെ ചേതോഹരങ്ങളാണ് ഭാരതത്തിലെ ക്ഷേത്രങ്ങൾ. ആരാധനാ സ്ഥലികളെന്നതിലുപരി അറിവിൽ അഭിരമിക്കുന്ന ഒരു ജനതയുടെ ആത്മാവിഷ്കാരങ്ങളാണവയത്രയും. ഇത്തരത്തിൽ കലാവൈഭവത്തിന്റെയും, സാങ്കേതിക വൈദഗ്ധ്യത്തിന്റെയും, ശാസ്ത്രജ്ഞാനത്തിന്റെയും മകുടോദാഹരണമാണ് കലിംഗദേശത്തെ മഹത്തായ സൂര്യക്ഷേത്രം. ഭാരതത്തിന്റെ കിഴക്കേ കോണിൽ തല ഉയർത്തി നിൽക്കുന്ന ഈ അർക്കക്ഷേത്രം കോണാർക്കം(കൊണാർക്ക്) എന്ന് പ്രസിദ്ധമായി.  ഭഗവാൻ ശ്രീ കൃഷ്ണന്റെ പുത്രനായ സാംബൻ തപസ്സ് ചെയ്തു സൂര്യനെ പ്രത്യക്ഷപ്പെടുത്തിയ പുണ്യസ്ഥലമെന്നാണ് ഐതിഹ്യം. പുരാതനമായ സൂര്യക്ഷേത്രത്തെ ഇന്ന് കാണുന്നരീതിയിൽ പുതുക്കിപണിതത് കിഴക്കൻ ഗംഗാ സാമ്രാജ്യത്തിലെ നരസിംഹാദേവൻ ഒന്നാമനാണ്(പതിമൂന്നാം നൂറ്റാണ്ട്). മുസ്ളീം ഭരണാധികാരികളിൽ നിന്നും മാതൃഭൂമിയെ തിരിച്ചു പിടിച്ചതിന്റെ സ്മരണക്കായി ദശാനാഥനായ സൂര്യഭഗവാന് വേണ്ടി ഒരു മഹാക്ഷേത്രം പണികഴിപ്പിക്കുകയായിരുന്നു അദ്ദേഹം. ആയിരത്തിഇരുന്നൂറോളം ശിൽപ്പികൾ പന്ത്രണ്ട് വർഷം സമയമെടുത്താണ് ഈ വാസ്തുശാസ്ത്ര വിസ്മയം പൂർത്തിയാക്കിയത്. ഉദയസൂര്യന്റെ രശ്മികൾ ഗർഭഗൃഹത്തിലെ സൂര്യവിഗ്രഹത്തിൽ പതിക്കുന്ന രീതിയിലാണ് ക്ഷേത്രത്തിന്റെ...